കണ്ണൂര്‍: ജനരക്ഷായാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ വിപ്ലവഗാനമായ “ബലികുടീരങ്ങളേ “പാടി ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി.കെ.പദ്മനാഭന്‍.
“പഴയ കമ്യൂണിസ്റ്റുകാരന്റെ വിപ്ലവബോധം ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നതിനാല്‍ ഒരു വിപ്ലവഗാനത്തോടെയാണ് ഞാന്‍ പ്രസംഗം അവസാനിപ്പിക്കുന്നത്” എന്നായിരുന്നു സി.കെയുടെ വാക്കുകള്‍.
അദ്ദേഹം ഇത്രയും പറഞ്ഞതോടെ നേതാക്കളിലും പ്രവര്‍ത്തകരിലും നേരിയ നിരാശ പടര്‍ന്നു. പറഞ്ഞതുപോലെ തന്നെ സി.കെ.പദ്മനാഭന്‍ എന്ന പഴയ കമ്യൂണിസ്റ്റുകാരന്‍ ആവേശം ഒട്ടും ചോരാതെ തകര്‍ത്തുപാടി.
“ബലികുടീരങ്ങളേ… ബലികുടീരങ്ങളേ,
സ്മരണകളിരമ്പും രണസ്മാരകങ്ങളേ,
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍ സമരപുളകങ്ങള്‍തന്‍ സിന്ദൂരമാലകള്‍…”
“ഹിമഗിരിമുടികള്‍ കൊടികളുയര്‍ത്തി… കടലുകള്‍ പടഹമുയര്‍ത്തി,
യുഗങ്ങള്‍ നീന്തിനടക്കും ഗംഗയില്‍ വിരിഞ്ഞു താമരമുകുളങ്ങള്‍..!.”
യുഗങ്ങള്‍ നീന്തിനടക്കും ഗംഗയില്‍ വിരിഞ്ഞു താമരമുകുളങ്ങള്‍… എന്ന വരി ഒന്നുകൂടി ഊന്നിപ്പാടുകയായിരുന്നു സി.കെ.
ബലികുടീരങ്ങളില്‍ താമരവിരിയുന്ന കാലമാണ് ഇനി വരാനിരിക്കുന്നത് എന്നും അതിനുള്ള തുടക്കമാണ് ഈ യാത്രയെന്നും പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്. അതുകേട്ടതോടെ നിരാശരായ പ്രവര്‍ത്തകര്‍ ഒന്നുണര്‍ന്നു. വേദിയിലുണ്ടായിരുന്ന നേതാക്കളില്‍ ചിരിവിടര്‍ന്നു. ഇതോടെ അവരും കയ്യടിക്കുകയായിരുന്നു.