| Sunday, 17th March 2024, 8:34 am

ബി.ജെ.പി ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പത്മജ, വിളക്ക് കൊളുത്തുമ്പോള്‍ ഇരുന്നിടത്ത് നിന്നും അനങ്ങാതെ സി.കെ. പത്മനാഭന്‍; പാര്‍ട്ടിക്കുള്ളില്‍ പോര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: മറ്റു പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയിലെത്തുന്ന നേതാക്കള്‍ക്ക് അമിത പ്രധാന്യം നല്‍കുന്ന നടപടിയില്‍ ബി.ജെ.പിക്കുള്ളില്‍ പൊട്ടിത്തെറി.

കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയ പത്മജ വേണുഗോപാല്‍ കാസര്‍ഗോഡ് മണ്ഡലത്തിലെ ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തതോടെയാണ് പുതിയ വിവാദങ്ങള്‍ക്കും പാളയത്തില്‍ പടയ്ക്കും തുടക്കമായത്.

എന്‍.ഡി.എ കാസര്‍ഗോഡ് മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം പത്മജ വേണുഗോപാലിനെ ഏല്‍പിച്ചതില്‍ പരസ്യമായി പ്രതിഷേധിച്ച് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പത്മനാഭന്‍ രംഗത്തെത്തിയിരിക്കുകയാണ്.

കാസര്‍ഗോഡ് ടൗണ്‍ ഹാളിലെ ഉദ്ഘാടന ചടങ്ങില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കാന്‍ പത്മജയെയായിരുന്നു സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്.

എന്നാല്‍ പത്മജ നിലവിളക്കു കൊളുത്തുമ്പോള്‍ സി.കെ. പത്മനാഭന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റിരുന്നില്ല. പത്മജയുടെ പ്രസംഗം തീരുന്നതിനു മുന്‍പേ സി.കെ. പത്മനാഭന്‍ വേദി വിട്ടിറങ്ങുകയും ചെയ്തിരുന്നു.

ചടങ്ങിന്റെ ഉദ്ഘാടകനായി സി.കെ. പത്മനാഭനെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

വേദിയിലുണ്ടായിരുന്ന സ്ഥാനാര്‍ഥി എം. എല്‍. അശ്വിനി, ജില്ലാ പ്രസിഡന്റ് കുണ്ടാര്‍ രവീശ തന്ത്രി, സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ പ്രമീള സി. നായിക്, എം. സഞ്ജീവ ഷെട്ടി, സംസ്ഥാന സമിതിയംഗം എം. നാരായണ ഭട്ട്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട, മേഖലാ ജനറല്‍ സെക്രട്ടറി പി. സുരേഷ് കുമാര്‍ ഷെട്ടി, ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉദ്ഘാടനത്തിനിടെ വിളക്കിനരികിലേക്ക് എത്തിയെങ്കിലും സി.കെ. പത്മനാഭന്‍ ഇരുന്നിടത്ത് തന്നെ തുടരുകയായിരുന്നു.

നേരത്തേ ഉദ്ഘാടകനെന്ന് അറിയിച്ചശേഷം മാറ്റിയതിലുള്ള അതൃപ്തി പത്മനാഭന്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി എന്ന സംഘടനക്ക് അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ടെന്നും അത് ലംഘിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബി.ജെ.പിയില്‍ അധികാരമുണ്ട് എന്നു മനസിലാക്കിയാണ് ഇത്തരം ആളുകള്‍ മറ്റ് പാര്‍ട്ടി വിട്ട് ഇവിടേക്ക് വരുന്നതെന്നും മറ്റൊരു പാര്‍ട്ടിയില്‍ നിന്ന് എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയവരാണ് ഇവരെന്നും പത്മനാഭന്‍ പറഞ്ഞു.

ഇങ്ങനെ വരുന്നവര്‍ക്ക് പാര്‍ട്ടിയില്‍ എന്തു സ്ഥാനമാണു നല്‍കേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടതുണ്ടെന്നും പാര്‍ട്ടി ഒന്നുമല്ലാതിരുന്നപ്പോള്‍ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാര്‍ട്ടിയില്‍ നിന്നു വരുന്നവര്‍ക്ക് പ്രത്യേക സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ പ്രവര്‍ത്തകര്‍ക്കു തന്നെ അമര്‍ഷമുണ്ടെന്നും പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത് പത്മജയെ തന്നെ ആയിരുന്നെന്നും വിളക്ക് തെളിയിക്കുമ്പോള്‍ പത്മനാഭന്‍ എഴുന്നേല്‍ക്കാതിരുന്നതില്‍ അസ്വാഭാവികത ഒന്നും തന്നെയില്ലെന്നാണ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.

Content Highlight: CK Padmanabhan expressed displeasure with Padmaja Venugopal inaugurating the BJP election convention

We use cookies to give you the best possible experience. Learn more