തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നും അത് പ്രകൃതി നിയമമാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമായ സി.കെ. പത്മനാഭന്‍.
പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീമസമായിരിക്കുകയാണെന്നും പ്രകൃതി സംരക്ഷണ ദിനത്തില്‍ ആ ഒരുവാക്ക് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നും പത്മനാഭന്‍ അഭിപ്രായപ്പെട്ടു.
കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമേല്‍ അന്വേഷണം മുറുകിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു.
ബി.ജെ.പി നേതാക്കള്‍ താമസിച്ച ഹോട്ടലിലെത്തി രേഖകള്‍ പരിശോധിച്ചു. അതേസമയം കെ. സുരേന്ദ്രന്റെ സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സെക്രട്ടറിക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു.
കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതികള്‍ തൃശൂര്‍ ബി.ജെ.പി. ഓഫീസില്‍ എത്തിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരാണ് തൃശൂര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്.
കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി. രാജ്യസഭാ എം.പിയും തൃശ്ശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന നടന്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തൃശ്ശൂരില്‍ മത്സരിച്ച സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ കൊടകര കുഴല്‍പ്പണ കേസില്‍ ഉള്‍പ്പെട്ട ധര്‍മ്മരാജനും സംഘവും എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.