| Friday, 13th January 2017, 8:46 pm

കമലിന്റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ ബി.ജെ.പി ആളല്ല, ചെഗുവേര തന്റെ ആരാധനപാത്രം: ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമാണ് കമലിന്റെ ചിത്രങ്ങളെന്നും അദ്ദേഹത്തിന്റെ രാജ്യസ്‌നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും പറഞ്ഞ പത്മനാഭന്‍ പാക്കിസ്ഥാനിലേക്ക് പോകണം എന്നു പറയുന്നത് ശരിയായ നിലപാടല്ലെന്നും കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍: സംവിധായകന്‍ കമലിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്യാന്‍ ബി.ജെ.പി ആളല്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭന്‍. സാഹിത്യകാരന്‍ എം.ടി ഹിമാലയത്തിനു തുല്ല്യനാണെന്നും ചെഗുവേര തന്റെ ആരാധന പാത്രമാണെന്നും പത്മനാഭന്‍ കൈരളി പീപ്പിള്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


Also read ബി.ജെ.പി സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞു ഹരിയാനയിലെ കര്‍ഷകര്‍ സഹായമഭ്യര്‍ത്ഥിച്ച് ചൈനീസ് പ്രധാന മന്ത്രിയ്ക്ക് കത്തയച്ചു


ഇന്ത്യയ്ക്ക് വേണ്ടാത്തവരെ സ്വീകരിക്കുന്ന സ്ഥലമല്ല പാക്കിസ്ഥാനെന്നും ഒരാളോടും അങ്ങോട്ട് പോകാന്‍ പറയില്ലെന്നും ബി.ജെ.പി നേതാവ് എം.ടി രമേശ് തുറന്നു പറഞ്ഞതിന് പിന്നാലെയാണ് സംഘപരിവാര്‍ നിലപാടുകളെ എതിര്‍ത്ത് സി.കെ പത്മനാഭനും രംഗത്തെത്തിയിരിക്കുന്നത്. കമലിനും എം.ടിയ്ക്കുമെതിരായ അക്രമങ്ങളെ വിമര്‍ശിച്ച പത്മനാഭന്‍ പാര്‍ട്ടിയുടെ കള്ളപ്പണ പ്രചരണ ജാഥ ഉദ്ദേശത്തില്‍ നിന്നും വഴിമാറിയെന്നും ആരോപിച്ചു.

കമല്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നത് എ.എന്‍ രാധാകൃഷ്ണന്റെ വ്യക്തിപരമായ വൈകാരിക പ്രകടനം മാത്രമാണ്. രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമാണ് കമലിന്റെ ചിത്രങ്ങളെന്നും അദ്ദേഹത്തിന്റെ രാജ്യസ്‌നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും പറഞ്ഞ പത്മനാഭന്‍ പാക്കിസ്ഥാനിലേക്ക് പോകണം എന്നു പറയുന്നത് ശരിയായ നിലപാടല്ലെന്നും കൂട്ടിച്ചേര്‍ത്തു.

മോദിയെ തുഗ്ലക്കിനോടുപമിച്ച എം.ടിയെ എതിര്‍ത്ത ബി.ജെ.പി നേതാക്കളെയും പത്മനാഭന്‍ വിമര്‍ശിച്ചു. ഹിമാലയത്തിനു തുല്ല്യനാണ് എം.ടിയെന്നും എം.ടിയെ കല്ലെറിഞ്ഞ് ആത്മ സംതൃപ്തി കണ്ടെത്തുന്നവര്‍ അത് കണ്ടെത്തട്ടെയെന്നുമായിരുന്നു പത്മനാഭന്റെ പ്രതികരണം.

ചെഗുവേരയെ അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കട്ടെ വിമര്‍ശിക്കുന്നവര്‍ ചെഗുവേരയെ പഠിക്കാന്‍ ശ്രമിക്കണമെന്നും പറഞ്ഞ പത്മനാഭന്‍ മുന്‍വിധിയോടെയുള്ള വിമര്‍ശനത്തോട് പ്രതികരിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more