സി.കെ നായിഡു ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉത്തര്‍പ്രദേശ് നായകന്‍ സമീര്‍ റിസ്വി. സൗരാഷ്ട്രക്കെതിരായ മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണ് താരം കയ്യടി നേടിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഉത്തര്‍പ്രദേശിന് ആദ്യ പന്തില്‍ തന്നെ തിരിച്ചടി നേരിട്ടിരുന്നു. ഓപ്പണര്‍ പാര്‍ഥ് ജെയ്ന്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ആദിത്യ സിങ് ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടങ്ങിയാണ് താരം പുറത്തായത്.
രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ സ്വസ്തിക്കും റിതുരാജ് ശര്‍മയും ചേര്‍ന്ന് സ്‌കോറിങ്ങിന് അടിത്തറയൊരുക്കി. ടീം സ്‌കോര്‍ 96ല്‍ നില്‍ക്കവെ 57 പന്തില്‍ 57 റണ്‍സുമായി സ്വസ്തിക് പുറത്തായി. പിന്നാലെയെത്തിയ ആരാധ്യ യാദവ് 45 റണ്‍സും നേടി മടങ്ങി.
ടീം സ്‌കോര്‍ 184ല്‍ നില്‍ക്കവെയാണ് ക്യാപ്റ്റന്‍ സമീര്‍ റിസ്വി കളത്തിലിറങ്ങിയത്. ശര്‍മക്കൊപ്പം ചേര്‍ന്ന് ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികളടിച്ച് ഇരുവരും സ്‌കോര്‍ ഉയര്‍ത്തി.
നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ഉത്തര്‍പ്രദേശിനെ താങ്ങി നിര്‍ത്തിയത്. ടീം സ്‌കോര്‍ 289ല്‍ നില്‍ക്കവെ നാലാം വിക്കറ്റായി ശര്‍മ പുറത്തായി. 222 പന്തില്‍ 132 റണ്‍സ് നേടിയാണ് താരം പുറത്തായത്.
ശര്‍മ പുറത്തായെങ്കിലും റിസ്വി വെടിക്കെട്ട് തുടര്‍ന്നുകൊണ്ടിരുന്നു. ബൗണ്ടറികളും സിക്‌സറുകളുമായി താരം സൗരാഷ്ട്ര യുവനിരയെ വെള്ളം കുടിപ്പിച്ചു.
ഒടുവില്‍ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കായാണ് റിസ്വി ബാറ്റിങ് തുടരുന്നത്.
ഐ.പി.എല്‍ താരലേലത്തില്‍ എട്ട് കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് യു.പി താരത്തെ ടീമിലെത്തിച്ചിരുന്നു. ഒരു അണ്‍ ക്യാപ്ഡ് താരത്തിന് ലഭിക്കുന്ന റെക്കോഡ് തുകയായിരുന്നു റിസ്വിക്ക് ലഭിച്ചത്.
അന്നുമുതല്‍ ആഭ്യന്തര ക്രിക്കറ്റ് ശ്രദ്ധിക്കാത്തവരുടെ മനസില്‍ പോലും സമീര്‍ റിസ്വി എന്ന പേര് പതിഞ്ഞിരുന്നു. എന്നാല്‍ എട്ട് കോടി മുടക്കാന്‍ മാത്രം താരത്തിന് എന്ത് പ്രത്യേകതയെന്നാണ് ചെന്നൈ ആരാധകര്‍ പോലും ചോദിച്ചത്. ആ ചോദ്യത്തിനുള്ള മറുപടിയാണ് പ്രകടനത്തിലൂടെ റിസ്വി നല്‍കിയത്.