378നെതിരെ 865 അടിച്ചെടുത്തിട്ടും മത്സരം സമനില!! രണ്ട് ഡബിള്‍ സെഞ്ച്വറി പിറന്ന മത്സരത്തില്‍ സംഭവിച്ചതിത്
Sports News
378നെതിരെ 865 അടിച്ചെടുത്തിട്ടും മത്സരം സമനില!! രണ്ട് ഡബിള്‍ സെഞ്ച്വറി പിറന്ന മത്സരത്തില്‍ സംഭവിച്ചതിത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st February 2024, 6:37 pm

സെഞ്ച്വറികളും ഇരട്ട സെഞ്ച്വറികളും പിറന്ന സി.കെ. നായിഡു ട്രോഫിയിലെ ആന്ധ്രാപ്രദേശ് – റെയില്‍വേസ് മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയാണ് റെയില്‍വേസ് സമനില നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ ആന്ധ്രാപ്രദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. മികച്ച തുടക്കമാണ് ആദ്യ വിക്കറ്റില്‍ ആന്ധ്രയുടെ യുവതാരങ്ങള്‍ക്ക് ലഭിച്ചത്. 92 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

11ാം ഓവറിലെ മൂന്നാം പന്തില്‍ കെ. നിഖിലേശ്വറിനെ പുറത്താക്കി എം.ഡി. ജെയ്‌സ്വാള്‍ റെയില്‍വേസിന് ആദ്യ ബ്രേക് ത്രൂ നല്‍കി. 30 പന്തില്‍ 20 റണ്‍സാണ് താരം നേടിയത്.

മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ വംശി കൃഷ്ണയാണ് ക്രീസിലെത്തിയത്. ക്രീസിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ വംശി കൃഷ്ണക്കൊപ്പം ചേര്‍ന്ന് ക്യാപ്റ്റന്‍ സ്‌കോര്‍ ഉയര്‍ത്തി.

രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടി പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 144ല്‍ നില്‍ക്കവെ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ വംശി കൃഷ്ണയെ തൗഫീഖ് ഉദിന്‍ കെ.ടി. മറാത്തെയുടെ കൈകളിലെത്തിച്ച് പുറത്താക്കി. 64 പന്തില്‍ 110 റണ്‍സടിച്ചാണ് താരം മടങ്ങിയത്.

പിന്നാലെയെത്തിയ ഹേമന്ത് റെഡ്ഡി 15 പന്തില്‍ 16 റണ്‍സ് നേടി പുറത്തായി.

ധരണി കുമാറിനൊപ്പം ചേര്‍ന്ന് ക്യാപ്റ്റന്‍ മോശമല്ലാത്ത കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും കൃത്യമായ ഇടവേളകളില്‍ റെയില്‍വേസ് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആന്ധ്ര 378ന് ഓള്‍ ഔട്ടായി.

ക്യാപ്റ്റന്‍ വംശി കൃഷ്ണ (74 പന്തില്‍ 55), ഇ. ധരണി കുമാര്‍ (108 പന്തില്‍ 81), എസ്. വെങ്കട രാഹുല്‍ (153 പന്തില്‍ പുറത്താകാതെ 66) എന്നിവരാണ് ആന്ധ്ര നിരയില്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

റെയില്‍വേസിനായി എം.ഡി. ജെയ്‌സ്വാളും എസ്. ആര്‍. കുമാറും മൂന്ന് വിക്കറ്റ് വീതം നേടി. ദമന്‍ദീപ് സിങ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അന്‍ഷ് യാദവും തൗഫിഖ് ഉദിനും ഓരോ വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ റെയില്‍വേസിന് തുടക്കം പാളിയിരുന്നു. ഓപ്പണര്‍ അഥര്‍വ് കരുല്‍കറിനെ നാല് റണ്‍സിനും കെ.ടി. മറാത്തെയെ എട്ട് റണ്‍സിനും റെയില്‍വേസിന് നഷ്ടമായി. 20ന് രണ്ട് എന്ന നിലയില്‍ നില്‍ക്കവെ നാലാമനായി രവി സിങ് ക്രീസിലെത്തി.

ഓപ്പണര്‍ അന്‍ഷ് യാദവും രവി സിങ്ങും ചേര്‍ന്ന് നിര്‍ദയം ആന്ധ്ര ബൗളര്‍മാരെ പ്രഹിച്ചപ്പോള്‍ സ്‌കോര്‍ ഉയര്‍ന്നു. 20ന് ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 440ലാണ്.

311 പന്തില്‍ 258 റണ്‍സ് നേടിയ സിങ്ങിനെ പുറത്താക്കി ക്യാപ്റ്റന്‍ വംശി കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെയെത്തിയ അഞ്ചിത് യാദവിനെ കൂട്ടുപിടിച്ചായി അന്‍ഷിന്റെ ബാറ്റിങ്. ടീം സ്‌കോര്‍ 659ല്‍ നില്‍ക്കവെ സെഞ്ച്വറി നേടിയ അഞ്ചിത് പുറത്തായപ്പോഴും മറുവശത്ത് അന്‍ഷ് ഉറച്ചുനിന്നു. 219 പന്ത് നേരിട്ട് 133 റണ്‍സാണ് അഞ്ചിത് നേടിയത്.

ആറാം നമ്പറിലിറങ്ങിയ ശിവം ഗൗതമിനൊപ്പവും അന്‍ഷ് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഗൗതം അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലെത്തി വീണപ്പോഴും മറുവശത്ത് അന്‍ഷ് നിലയുറപ്പിച്ചു.

ഒടുവില്‍ ടീം സ്‌കോര്‍ 742ല്‍ നില്‍ക്കവെ ആറാം വിക്കറ്റായി അന്‍ഷ് യാദവ് മടങ്ങി. സ്‌കോര്‍ ബോര്‍ഡില്‍ പൂജ്യം റണ്‍സുണ്ടായിരിക്കെ ക്രീസിലെത്തിയ താരം 742 റണ്‍സിലാണ് മടങ്ങുന്നത്. 597 പന്തില്‍ നിന്നും 268 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

പിന്നാലെയെത്തിയ തൗഫിഖ് ഉദിന്‍ (79 പന്തില്‍ 87), ക്യാപ്റ്റന്‍ പര്‍നാക് ത്യാഗി (61 പന്തില്‍ 36) എന്നിവര്‍ പുറത്തായതിന് പിന്നാലെ 231 ഓവറില്‍ 865 എന്ന നിലയില്‍ നില്‍ക്കവെ റെയില്‍വേസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കാനായതോടെ അമ്പയര്‍മാര്‍ മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സ് ലിഡോടെയാണ് റെയില്‍വേസ് മത്സരം പൂര്‍ത്തിയാക്കിയത്.

അഞ്ച് മത്സരത്തില്‍ നിന്നും നാല് ജയവും ഒരു സമനിലയും അടക്കം 28 പോയിന്റോടെ എലീറ്റ് ഗ്രൂപ്പ് ഡി-യില്‍ ഒന്നാമതാണ് റെയില്‍വേസ്. 14 പോയിന്റോടെ അഞ്ചാമതാണ് ആന്ധ്ര.

 

Content highlight: CK Nayudu Trophy: Railways vs Andhra Pradesh match ended in a draw