ടെസ്റ്റില്‍ ഒരു ഓവറില്‍ ആറ് സിക്‌സര്‍, പിന്നാലെ വെടിക്കെട്ട് സെഞ്ച്വറി; ഇനി സ്ഥാനം ശാസ്ത്രിക്കും യുവിക്കുമൊപ്പം; വീഡിയോ
Sports News
ടെസ്റ്റില്‍ ഒരു ഓവറില്‍ ആറ് സിക്‌സര്‍, പിന്നാലെ വെടിക്കെട്ട് സെഞ്ച്വറി; ഇനി സ്ഥാനം ശാസ്ത്രിക്കും യുവിക്കുമൊപ്പം; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st February 2024, 5:51 pm

 

സി.കെ. നായിഡു ട്രോഫിയില്‍ ഒരു ഓവറില്‍ ആറ് സിക്‌സര്‍ നേടി ആന്ധ്രാപ്രദേശ് സൂപ്പര്‍ താരം വംശി കൃഷ്ണ. ടൂര്‍ണമെന്റില്‍ റെയില്‍വേസിനെതിരായ മത്സരത്തിലാണ് തുടര്‍ച്ചയായ ആറ് പന്തില്‍ സിക്‌സര്‍ നേടി വംശി കൃഷ്ണ റെക്കോഡിട്ടത്.

റെയില്‍വേസ് സ്പിന്നര്‍ ദമന്‍ദീപ് സിങ്ങിനെയാണ് താരം ആറ് പന്തിലും അതിര്‍ത്തി കടത്തി നാണം കെടുത്തിയത്.

ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഓവറിലെ ആദ്യ പന്ത് കോരിയെടുത്ത അതിര്‍ത്തി കടത്തിയ വംശി അടുത്ത പന്ത് ബൗളറുടെ തലയ്ക്ക് മുകളിലൂടെയും അതിര്‍ത്തി കടത്തി.

മൂന്നാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ ഗ്യാലറിയിലെത്തിച്ചു. ബാറ്ററെ കബളിപ്പിക്കാന്‍ ലെഗ് സ്റ്റംപിന് പുറത്തെറിഞ്ഞ നാലാം പന്തിലും വംശി സിക്‌സര്‍ നേടി.

ദമന്‍ദീപ് അഞ്ചാം പന്തും സമാന രീതിയിലെറിഞ്ഞപ്പോള്‍ മുട്ടിലൂന്നിയാണ് സ്‌ക്വയര്‍ ലെഗിലൂടെ അതിര്‍ത്തി കടത്തിയത്. ഓവറിലെ ആറാം പന്തിലും താരം സിക്‌സര്‍ നേടിയതോടെ ചരിത്രമാണ് കുറിക്കപ്പെട്ടത്.

ഇന്ത്യന്‍ ഇതിഹാസ താരങ്ങളായ രവി ശാസ്ത്രിക്കും യുവരാജ് സിങ്ങിനുമൊപ്പം ഈ നേട്ടത്തിലെത്തുന്ന താരമാകാനും വംശിക്കായി.

ഒടുവില്‍ 64 പന്തില്‍ 110 റണ്‍സ് നേടിയാണ് താരം പുറത്തായത്. ആകെ നേടിയ 110 റണ്‍സില്‍ 96 റണ്‍സും പിറന്നത് ബൗണ്ടറികളിലൂടെയാണ് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. പത്ത് സിക്‌സറും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

അതേസമയം, മത്സരത്തില്‍ ആന്ധ്ര സമനില വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 378 റണ്‍സ് നേടിയപ്പോള്‍ 865ന് ഒമ്പത് എന്ന നിലയില്‍ റെയില്‍വേസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

 

Content highlight: CK Nayudu Trophy: Andhra batter Vamshi Krishna smashes 6 sixes in an over