തിരുവനന്തപുരം: ഇടത് മുന്നണി പ്രവേശനം തേടി ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ.ജാനു മന്ത്രി എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും ജാനു ചര്‍ച്ച നടത്തിയിരുന്നു.
സി.പി.ഐ.എം അംഗമായിരുന്ന ജാനു പിന്നീട് ഗോത്ര മഹാസഭ രൂപീകരിക്കുകയും തെരഞ്ഞെടുപ്പിന് ജനാധിപത്യ രാഷ്ട്രീയ സഭ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ച് എന്‍.ഡി.എയ്്‌ക്കൊപ്പം ചേരുകയായിരുന്നു. പിന്നീട് എന്‍.ഡി.എ. മുന്നണിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ജാനു ഇടത് മുന്നണി പ്രവേശനത്തിനായുള്ള ചര്‍ച്ച സജീവമാക്കിയിരിക്കുകയാണ്.
ഇതിന്റെ ഭാഗമായിട്ടാണ് എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തിയത്. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഒരു പാര്‍ട്ടിയിലും ലയിക്കാനില്ലെന്നും ജനാധിപത്യ രാഷ്ട്രീയ സഭയെ ഉള്‍കൊള്ളുന്ന മുന്നണിയുമായി സഹകരിക്കാനാണ് തീരുമാനമെന്നും സി.കെ.ജാനു പറഞ്ഞു. ജാനുവിന്റെ പുതിയ നിലപാടിനെ മന്ത്രി എ.കെ.ബാലന്‍ സ്വാഗതം ചെയ്തു. മുന്നണി പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ജാനു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി ചര്‍ച്ച ചെയ്ത ശേഷം ജാനുവിന്റെ ആവശ്യം മുന്നണിയെ അറിയിക്കുമെന്ന് കാനം ജാനുവിനെ അറിയിച്ചിട്ടുണ്ട്.പട്ടികജാതി വര്‍ഗ വിഭാഗങ്ങളുമായി അടുക്കാന്‍ ജാനുവിന്റം സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് ഇടത് മുന്നണിയുടെ നിലപാട്.