വയനാട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്ന് പത്ത് ലക്ഷം വാങ്ങിയെന്ന ആരോപണമുന്നയിച്ച ജെ.ആര്‍.പി നേതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സി കെ ജാനു. ജെ.ആര്‍.പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ, ട്രഷറര്‍ പ്രസീത എന്നിവര്‍ക്കെതിരെയാണ് കേസ്.
ഏഴ് ദിവസത്തിനകം ആരോപണം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നുമാണ് ആവശ്യം.
തനിക്ക് വര്‍ധിച്ചു വരുന്ന ജനപിന്തുണയിലും, രാഷ്ട്രീയ പിന്തുണയിലും വിറളി പൂണ്ടവരാണ് കഴിഞ്ഞ മൂന്നു ആഴ്ചയായി സമൂഹ, ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പ്രകാശന്‍ മൊറാഴ ജെ.ആര്‍.പിയുടെ സംസ്ഥാന സെക്രട്ടറി അല്ല, ലെറ്റര്‍ പാഡും, സീലും വ്യാജമായി നിര്‍മിച്ചുണ്ടാക്കി തനിക്കെതിരെ ഉപയോഗിക്കുകയിരുന്നുയെന്നാണെന്നും ജാനു വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു.
എന്നാല്‍ 10 ലക്ഷത്തിന് പുറമെ 40 ലക്ഷം കൂടി ബി.ജെ.പി, സി.കെ ജാനുവിന് കൈമാറിയെന്ന് ജെ.ആര്‍.പി മുന്‍ സംസ്ഥാന സെക്രട്ടറി ബി.സി ബാബു പറഞ്ഞത്. സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചാണ് 40 ലക്ഷം രൂപ ജാനുവിന് കൈമാറിയതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ബാബു പറഞ്ഞു.