തിരുവനന്തപുരം: കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി ജനാധിപത്യ രാഷ്ട്രിയ സഭാ നേതാവ് സികെ ജാനു.
കുമ്മനം വാങ്ങിത്തന്നിട്ടോ പാര്‍ട്ടിപ്പിരിവ് നടത്തിയോ അല്ല താന്‍ കാര്‍ വാങ്ങിച്ചതെന്നും താന്‍ കൃഷി ചെയ്‌തെടുത്ത കുരുമുളക് വിറ്റ കാശ് കൊണ്ടും ലോണ്‍ എടുത്തുമാണ് കാര്‍ വാങ്ങിയതെന്നും സി.കെ ജാനു വനിതാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ആദിവാസിക്കെന്താ കാര്‍ വാങ്ങിയാല്‍? വീട് പണിയെല്ലാം കഴിഞ്ഞിട്ട് കുറെ നാളായി. അടുത്തത് വാഹനം വാങ്ങണമെന്നായിരുന്നു ആഗ്രഹം. അതിനാണ് ഈ ബഹളം മുഴുവന്‍.
ഇത് കുമ്മനം വാങ്ങിത്തന്നതോ, പാര്‍ട്ടിപിരിവ് നടത്തി വാങ്ങിയതോ അല്ല. കഴിഞ്ഞ വര്‍ഷം ഞാന്‍ ആറ് ക്വിന്റല്‍ കുരുമുളകാണ് വിറ്റത്. കിലോയ്ക്ക് എണ്ണൂറ് രൂപ വരെ വിലയമുണ്ടായിരുന്നു.
വിറ്റതില്‍ നിന്ന് നാല് ലക്ഷം രൂപ രൊക്കം കൊടുത്തു. ബാക്കി കമ്പനി ലോണും. ഭൂമിക്ക് കൈവശ രേഖ മാത്രമുള്ളത് കൊണ്ട് കരമടയ്ക്കാനാവില്ല. അത് കൊണ്ട് ബാങ്കില്‍ നിന്ന് ലോണും കിട്ടില്ല. അഞ്ച് വര്‍ഷത്തേക്ക് ലോണ്‍ അടവുണ്ട്.
പണ്ട് പൊതുപരിപാടിക്ക് പോകുമ്പോള്‍ കാര്‍ വാടകയ്ക്ക് വിളിച്ചാണ് പോയിക്കൊണ്ടിരുന്നത്. ചെല്ലുന്നിടത്ത് നിന്ന് കിട്ടുന്ന ടാക്‌സ്‌ക്കൂലി ഡ്രൈവര്‍ വാങ്ങിക്കും. ഇപ്പോള്‍ ഞാനത് വാങ്ങി, ഡ്രൈവര്‍ക്കുള്ള പൈസയും എണ്ണയടിക്കാനുള്ള ചെലവും കഴിച്ചുള്ളത് കൂട്ടിവെയ്ക്കും. എന്നിട്ട് അത് ലോണിലേക്ക് അടയ്ക്കും- ജാനു പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ താന്‍ കുലുങ്ങില്ല. എന്റെ കൈയില്‍ നേരായ രേഖകളുണ്ട്. ഞാന്‍ മണ്ണില്‍ അധ്വാനിച്ചാണ് ജീവിക്കുന്നത്. പിന്നെ ആരെ പേടിക്കണം. പക്ഷെ ആദിവാസികള്‍ ഇങ്ങനെ ഒന്നുമാവരുത് എന്ന മലയാളിയുടെ ധാര്‍ഷ്ട്യമുണ്ടല്ലോ, അതെന്നെ വേദനിപ്പിച്ചു.