| Monday, 3rd July 2023, 2:44 pm

രാഷ്ട്രീയപരമായി എന്‍.ഡി.എയുടെ കൂടെ; ഏക സിവില്‍ കോഡിന് പിന്തുണയില്ല: സി.കെ.ജാനു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: ഏതൊക്കെ സംവിധാനം വന്നാലും പുറത്ത് നില്‍ക്കേണ്ടി വരുന്നവരാണ് ആദിവാസികളെന്ന് ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ. ജാനു. രാഷ്ട്രീയപരമായി എന്‍.ഡി.എയുടെ കൂടെയാണെങ്കിലും ഏക സിവില്‍ കോഡിനെ പിന്തുണക്കില്ലെന്നും ജാനു റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. ജനാധിപത്യ രീതിയില്‍ നിന്ന് മാറി ഏകാധിപത്യ രീതിയിലേക്ക് കൊണ്ടുപോകുന്നതാണ് സിവില്‍ കോഡെന്നും ജാനു പറഞ്ഞു.

‘എന്ത് സംവിധാനം വന്നാലും അതിന് പുറത്തുള്ളവരാണ് ആദിവാസികള്‍. ആദിവാസികളുടെ ഐഡന്റിറ്റി, പൈതൃകം, വിശ്വാസമൊക്കെ വ്യത്യസ്ത രീതിയിലാണ്. പൊതുസമൂഹ സംവിധാനം ആദിവാസികളെ അകറ്റി നിര്‍ത്തുന്നതാണ് ഇതുവരെ കാണുന്നത്.

പല സ്ഥലത്തും ഭൂമി വിതരണം നടത്തിയപ്പോള്‍ എല്ലാ ആളുകള്‍ക്കും പട്ടയവും ആദിവാസികള്‍ക്ക് കൈവശ രേഖയുമാണ് കൊടുത്തത്. കൈവശ രേഖ കൊണ്ട് ആദിവാസികള്‍ക്ക് ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല.

പൊതുസമൂഹത്തിലെ ആളുകളും ആദിവാസികളും തമ്മില്‍ ബന്ധമില്ലാത്ത തരത്തിലല്ലേ എല്ലാം പോയിക്കൊണ്ടിരിക്കുന്നത്. സിവില്‍ കോഡ് വരുമ്പോഴും അത് അങ്ങനെ തന്നെ പോകും. ആദിവാസികള്‍ സിവില്‍ കോഡിന് പുറത്തായിരിക്കും. അക്കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ആദിവാസികളുടെ അസ്ഥിത്വം കളയാന്‍ ആദിവാസികള്‍ സന്നദ്ധരല്ല. അത് അത് പോലെ തന്നെ നിലനില്‍ക്കും.

പൊതുസമൂഹം തന്നെ ആദിവാസികളെ രണ്ടാം തരം പൗരനായിട്ടാണ് കണ്ടുകൊണ്ടിരിക്കുന്നത്. ആ രണ്ടാം തരം പൗരത്വത്തിലേക്ക് പൊതു സമൂഹം തന്നെ കാണുമ്പോള്‍ ഞങ്ങള്‍ എങ്ങനെയാണ് സിവില്‍ കോഡിനകത്ത് വരിക. ഞങ്ങള്‍ എപ്പോഴും സിവില്‍ കോഡിന് പുറത്തായിരിക്കും ഉണ്ടാവുക.

ഓരോ മനുഷ്യരുടെയും ആചാരവും അസ്ഥിത്വവും ഐഡന്റിറ്റിയും അവരുടെ വിശ്വാസവും രീതിയുമൊക്കെയാണ്. അതിനാണ് ഈ ജനാധിപത്യ സംവിധാനമെന്നൊക്കെ പറയുന്നത്. ജനാധിപത്യ സംവിധാനമൊന്നുമില്ലാതെ ഏകാധിപത്യ രീതിയിലേക്കാണ് സിവില്‍ കോഡ് പോകുന്നത്.

എന്‍.ഡി.എയുടെ ഭാഗമായി ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുമെന്നും പക്ഷേ മനുഷ്യരുടെ ജീവിതവും ആചാരവും അസ്ഥിത്വവും ഐഡന്റിറ്റിയൊന്നും ഇതില്‍ കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലെന്നും ജാനു പറഞ്ഞു.

‘എന്‍.ഡി.എയുടെ ഭാഗമാണ്. അതിനോടൊപ്പം നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇനി അതിനോടൊപ്പം നിന്ന് പ്രവര്‍ത്തിക്കും. അത് രാഷ്ട്രീയമാണ്. രാഷ്ട്രീയം എന്ന നിലയില്‍ ഒരുമിച്ച് നിന്ന് നിലപാടെടുക്കും. അക്കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. പക്ഷേ മനുഷ്യരുടെ ജീവിതവും ആചാരവുംഅസ്ഥിത്വവും ഐഡന്റിറ്റിയുമൊന്നും ഇതില്‍ കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല. അത് അതിന് പുറത്ത് തന്നെയുണ്ടാകും,’ ജാനു പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരെ ആദിവാസി ഗോത്രമഹാസഭ പ്രക്ഷോഭം നടത്തുമെന്നും നേരത്തെ അറിയിച്ചിരുന്നു. ആദിവാസി ദിനമായ ഓഗസ്റ്റ് ഒമ്പതിന് സമര പ്രഖ്യാപനം നടത്തുമെന്ന് ഗോത്ര മഹാസഭാ കോര്‍ഡിനേഷന്‍ കമ്മിറ്റി എം. ഗീതാന്ദന്‍ പറഞ്ഞു. വ്യത്യസ്ത സംഘടനകളെ ഒരേ പ്ലാറ്റ്ഫോമില്‍ കൊണ്ടുവന്നായിരിക്കും സമരം നടത്തുക.

ഏക സിവില്‍ കോഡ് ആദിവാസികളുടെ സ്വത്വം ഇല്ലാതാക്കുമെന്നും വിഷയത്തില്‍
മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പ്രശ്നം കൂടി ഉയര്‍ത്തിക്കാട്ടണമെന്നും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

content highlights: ck janu against uniform civil code

We use cookies to give you the best possible experience. Learn more