|

പെണ്ണുങ്ങളേക്കാള്‍ മോശമാണെന്ന് പറയുമ്പോള്‍ പെണ്ണുങ്ങളെന്തോ മോശമാണെന്നാണോ സുധാകരന്‍ പറഞ്ഞുവരുന്നത്: സി.കെ ജാനു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്ണുങ്ങളേക്കാള്‍ മോശമാണെന്ന് പറയുമ്പോള്‍ പെണ്ണുങ്ങളെന്തോ മോശമാണെന്നാണോ കെ. സുധാകരന്‍ പറയുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ ജാനു. പിണറായി വിജയന്‍ ആണുങ്ങളെപ്പോലെ ഒന്നും ചെയ്തില്ലെന്നു മാത്രമല്ല പെണ്ണുങ്ങളെപ്പോലെ മോശമായി എന്ന കെ. സുധാകരന്റെ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് ഡൂള്‍ന്യൂസിനോടു സംസാരിക്കുകയായിരുന്നു അവര്‍.

“പെണ്ണുങ്ങള്‍ മോശമായിരുന്നു, അതിലും മോശമായിട്ടുള്ള ആളാണ് മുഖ്യമന്ത്രി എന്നുള്ള നിലയിലാണ് അയാള്‍ പറയുന്നത്. ശരിക്കും സ്ത്രീകളെ വളരെ മോശമായിട്ടുള്ള ആളുകള്‍ എന്നുള്ള നിലയിലാണ് കെ. സുധാകരന്‍ കാണുന്നത്.

Also read:പ്രിയങ്ക എത്തുന്നു… മോദിയുടേയും യോഗിയുടേയും മണ്ഡലത്തിലേക്ക്; യു.പിയില്‍ രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്

അയാളുടെ വീട്ടിലും ഭാര്യയും മക്കളും അമ്മയും പെങ്ങളുമൊക്കെയില്ലേ. എല്ലാവര്‍ക്കും വായിത്തോന്നുന്ന പറയാവുന്ന വിഭാഗമാണോ സ്ത്രീകള്‍. അങ്ങനെയൊരു പരാമര്‍ശം നടത്തുന്നതെന്ത് മോശമാണ്. അത്തരമൊരു പരാമര്‍ശം വളരെ ബാലിശമായിപ്പോയി. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ വക്താവ് എന്ന നിലയിലാണ് ഈ പ്രസ്താവനയെന്നു കരുതുന്നില്ല. തോന്നുന്നവര്‍ക്ക് തോന്നിയതു വിളിച്ചു പറയുകയാണ്. ” സി.കെ ജാനു പറഞ്ഞു.

കാസര്‍കോട് പ്രസംഗിക്കവേയാണ് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചത്.

“ഇരട്ടച്ചങ്കന്‍ മുച്ചങ്കന്‍ എന്നൊക്കെ പറഞ്ഞ് സി.പി.ഐ.എമ്മിന്റെ ആളുകള്‍ മുഖ്യമന്ത്രിയെ പൊക്കിയടിക്കുമ്പോള്‍ ഞങ്ങളുമൊക്കെ വിചാരിച്ചു, പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന്. പക്ഷേ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്ന് മാത്രമല്ല പെണ്ണുങ്ങളേക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം കൊണ്ട് നമുക്ക് മനസിലാവുന്നത്. ഒരു വിവരമില്ലാത്തൊരു ഭരണാധികാരിയുടെ നിലവാരത്തിലേക്കുപോലും മുഖ്യമന്ത്രിയെത്തി. ” എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.