| Tuesday, 8th June 2021, 10:56 am

കൃത്യമായി പ്ലാന്‍ ചെയ്ത പോലെയാണു പുറത്തുവരുന്ന ആരോപണങ്ങള്‍; പ്രസീത അഴീക്കോടിനെതിരെ സി.കെ. ജാനു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: ജെ.ആര്‍.പി. സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് സി.കെ ജാനു. ആസൂത്രിതമായി തന്നെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു പ്രസീതയുടെ ആരോപണം എന്നാണു സി.കെ. ജാനു പറയുന്നത്. മാതൃഭൂമി ന്യൂസിനോടായിരുന്നു ജാനുവിന്റെ പ്രതികരണം.

താന്‍ എവിടെയെങ്കിലും പോയി താമസിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ കാണാന്‍ വരാറുണ്ടെന്നും, ഫോണില്‍ വിളിച്ച് റൂം നമ്പര്‍ എന്നു ചോദിക്കുമ്പോള്‍ പറയാറുണ്ടെന്നും സി.കെ. ജാനു പറഞ്ഞു.

ആസൂത്രിതമായി തന്നെ തകര്‍ക്കുക എന്നതു മാത്രമാണ് ഇങ്ങനെ ഒരു ആരോപണത്തിനു പിന്നില്‍. ഇതിന്റെ പുറകില്‍ ഗൂഢാലോചന നടന്നു. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയതു പോലുള്ള ഗൂഢാലോചനയായാണു തോന്നുന്നത്. ഒരിക്കല്‍ ഉയര്‍ത്തിയ ആരോപണം അതോടുകൂടി തീര്‍ന്നിട്ടില്ല. നിരന്തരമായി ആരോപണം ഉന്നയിക്കുന്നതു കൃത്യമായി പ്ലാന്‍ ചെയ്തതുപോലെയാണ്. ഇതുമായി ബന്ധപ്പെട്ടു നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും തെളിവും രേഖകളും വരുമ്പോള്‍ നിലപാട് എടുക്കുമെന്നും സി.കെ ജാനു കൂട്ടിച്ചേര്‍ത്തു.

പണം നല്‍കുന്നതിനായി ഹോട്ടല്‍ മുറിയിലേക്കു സുരേന്ദ്രന്റെ സെക്രട്ടറിയോട് എത്താന്‍ ജാനു ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍ റെക്കോര്‍ഡാണു പ്രസീത പുറത്തു വിട്ടത്.

പത്ത് ലക്ഷം രൂപ സി.കെ. ജാനുവിന് നല്‍കാനെത്തുന്നതിനു മുമ്പു പ്രസീതയെ കെ. സുരേന്ദ്രന്‍ വിളിച്ചുവെന്നു കാണിക്കുന്ന റെക്കോര്‍ഡുകളും പുറത്തു വന്നിട്ടുണ്ട്.

പ്രസീതയുടെ ഫോണില്‍ നിന്നാണു ജാനു സുരേന്ദ്രന്റെ സെക്രട്ടറിയുമായും സംസാരിക്കുന്നത്. ഹൈറൈസണ്‍ ഹോട്ടലിലെ 503ാം നമ്പര്‍ മുറിയിലേക്ക് എത്താന്‍ സുരേന്ദ്രന്റെ സെക്രട്ടറിയോടു ജാനു പറയുന്നതായാണു ശബ്ദരേഖ. ഈ മുറിയില്‍ വെച്ച് 10 ലക്ഷം കൈമാറിയെന്നാണു പ്രസീതയുടെ ആരോപണം.

വിജയ യാത്രയ്ക്കിടെ മാര്‍ച്ച് മൂന്നിനു കോട്ടയത്ത് കൂടിക്കാഴ്ചയ്ക്കു സമയം ഒരുക്കാന്‍ പ്രസീതയോട് സുരേന്ദ്രന്‍ ആവശ്യപ്പെടുന്ന കോള്‍ റെക്കോര്‍ഡും പുറത്തുവന്നു.

10 കോടി രൂപയാണു സി.കെ. ജാനു ചോദിച്ചതെന്നും ഇതിന്റെ ആദ്യഘഡുവായിട്ടാണു പത്ത് ലക്ഷം രൂപ നല്‍കിയതെന്നും പ്രസീത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ സി.കെ. ജാനു തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പ്രസീതയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുമെന്ന് അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് കിട്ടിയതിനു പിന്നാലെയാണു പ്രസീത തന്റെ ഫോണിലെ കൂടുതല്‍ കോള്‍ റെക്കോര്‍ഡുകള്‍ പുറത്തുവിട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CK Janu against JRP leader Praseetha

We use cookies to give you the best possible experience. Learn more