| Tuesday, 7th February 2017, 7:39 am

ബി.ജെ.പി പറഞ്ഞു പറ്റിച്ചു; ആ നെറികേടിന്റെ തിക്തഫലം അവരനുഭവിക്കും: സി.കെ ജാനു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബി.ജെ.പി ഭൂസമരങ്ങള്‍ ഏറ്റെടുക്കുന്നത് എനിക്കറിയില്ല. ഞങ്ങളുമായി അതേക്കുറിച്ച് ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ കാലങ്ങളിലൊന്നും ബി.ജെ.പി ആദിവാസിസമരം ഏറ്റെടുത്തിട്ടില്ലെന്നും ജാനു പറഞ്ഞു.


കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജനാധിപത്യ രാഷ്ട്രീയ സഭ എന്‍.ഡി.എ മുന്നണിയില്‍ ചേരുന്ന സാഹചര്യത്തില്‍ ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി.കെ. ജാനു. പറഞ്ഞ വാക്കു പാലിക്കേണ്ട ബാധ്യത ബി.ജെ.പിക്കുണ്ടെന്നും പറഞ്ഞു പറ്റിച്ചാല്‍ ആ നെറികേടിന്റെ തിക്തഫലം അവര്‍ക്കു തിരിച്ച് കിട്ടുമെന്നും ജാനു പറഞ്ഞു.


Also  read ‘മോദി നിങ്ങള്‍ സ്വയം ലജ്ജിക്കൂ’: മോദിയുടെ ഭൂമി കുലുക്ക’ പരാമര്‍ശത്തിനെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി


കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് സി.കെ ജാനു എന്‍.ഡി.എയിലെ രാഷ്ട്രീയ അവസ്ഥ തുറന്ന് പറഞ്ഞത്. വാഗ്ദാനം നല്‍കിയിട്ട് അതു നടപ്പാക്കാതിരുന്നാല്‍ മറുചോദ്യം ഉന്നയിക്കുമെന്നും ജാനു വ്യക്തമാക്കി. ജനാധിപത്യ രാഷ്ട്രീയ സഭയുടെ അജണ്ട ബി.ജെ.പിയുടേതില്‍നിന്ന് ഏറെ വ്യത്യസ്തമാണെന്നും പാര്‍ട്ടി എന്ന നിലയിലും നിലപാടുകളിലും രാഷ്ട്രീയ ചിന്തകളിലുമൊക്കെ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കാഴ്ചപ്പാടാണുള്ളതെന്നും ജാനു കൂട്ടിച്ചേര്‍ത്തു.

എന്‍.ഡി.എയുടെ ഭാഗമായി ഞങ്ങള്‍ ഒന്നിച്ചുപോകുന്നുവെന്നു മാത്രമെ ഉള്ളു. ഗോത്രമഹാസഭ ഒറ്റക്കാണ് ഭൂസമരം നടത്തുന്നത്. അതിനിയും തുടരും. ഞങ്ങളുമായി സഹകരിക്കാന്‍ പറ്റുന്നവരെ സഹകരിപ്പിക്കും. ബി.ജെ.പി ഭൂസമരങ്ങള്‍ ഏറ്റെടുക്കുന്നത് എനിക്കറിയില്ല. ഞങ്ങളുമായി അതേക്കുറിച്ച് ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ കാലങ്ങളിലൊന്നും ബി.ജെ.പി ആദിവാസിസമരം ഏറ്റെടുത്തിട്ടില്ലെന്നും ജാനു പറഞ്ഞു.

നേരത്തെ ഭൂസമരങ്ങള്‍ ശക്തമാക്കുമെന്നും ജെ.ആര്‍.എസിനെ മുന്‍ നിര്‍ത്തി സമരങ്ങള്‍ ഏറ്റെടുക്കുമെന്നും ബി.ജെ.പി പ്രഖ്യപിച്ചിരുന്നു എന്നാല്‍ ബി.ജെ.പി നടത്തുമെന്നു പറയുന്ന ഭൂസമരങ്ങള്‍ക്ക് തങ്ങളുടെ പിന്തുണ ഇതുവരെ ചോദിച്ചിട്ടില്ലെന്നും ജാനു വ്യക്തമാക്കി. ആദിവാസി സമരങ്ങള്‍ ഏറ്റെടുക്കുമെന്നും അവര്‍ക്കായി കേരളത്തില്‍ പോരാടുമെന്നും പ്രഖ്യാപിച്ച ബി.ജെ.പിയുടെ നിലപാടിനെ തള്ളിയാണ് ഗോത്രമഹാസഭ നേതാവ് ജാനു രംഗത്തെത്തിയിരിക്കുന്നത്.


Dont miss  ‘സ്തനങ്ങള്‍ ഒരു കുറ്റമല്ല;അര്‍ധനഗ്നരാവാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്’ ടോപ്‌ലസായി പ്രതിഷേധിച്ച് അര്‍ജന്റീനയിലെ സ്ത്രീകള്‍ 


We use cookies to give you the best possible experience. Learn more