തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി ഇന്ന് സ്തുതി പാടേണ്ടത് കോടിയേരി ബാലകൃഷ്ണനാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍. ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞാല്‍ മതിയെന്ന കോടയേരിയുടെ പ്രസ്താവന മനപൂര്‍വ്വമായിരുന്നെന്നും ചന്ദ്രപ്പന്‍ കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞാല്‍ മതിയെന്ന കോടിയേരിയുടെ പ്രസ്താവന വിവാദമായിരുന്നു. ഈ പ്രസ്താവന നടത്തിയത് എല്‍.ഡി.എഫുമായോ, സി.പി.ഐ.എമ്മുമായോ ആലോചിക്കാതെയായിരുന്നെന്ന് ചന്ദ്രപ്പന്‍ പറയുന്നു. സി.പി.ഐ.എം ഹെഡ്ക്വാട്ടേഴ്‌സില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനം വിളിച്ച് നിലപാടറിയിക്കാനിരുന്ന സമയത്ത് തിടുക്കപ്പെട്ടാണ് കോടിയേരി ഈ പ്രസ്താവന നടത്തിയത്. ഇന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തിരിക്കാന്‍ കാരണം ഈ പ്രസ്താവനയാണെന്നും ചന്ദ്രപ്പന്‍ ആരോപിച്ചു.
ആ സമയത്ത് താനിതിനെതിരെ പ്രതികരിച്ചപ്പോള്‍ മാനസികരോഗിയായി തന്നെ ചിത്രീകരിക്കുകയാണുണ്ടായത്. തച്ചങ്കരിയുമായി സി.പി.ഐ.എമ്മിലെ പലര്‍ക്കും ബന്ധമുണ്ട്. തച്ചങ്കരിയുടെ ഇടപാടുകളില്‍ പങ്കാളികളാണിവര്‍. തച്ചങ്കരിയെപ്പോലുള്ളവരുമായുള്ള ഇടപാടുകള്‍ പുറത്തറിയാതിരിക്കാനാണ് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ കോടിയേരി മനപൂര്‍വ്വം ശ്രമിച്ചതെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.