| Wednesday, 13th November 2019, 2:52 pm

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശത്തിന്റെ പരിധിയില്‍ത്തന്നെ; സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ടെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശത്തിന്റെ പരിധിയിലെന്ന് വിധി. ചീഫ് ജസ്റ്റിസ് പൊതുസ്ഥാപനമാണെന്നും സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ടെന്നും സുപ്രീംകോടതി വിധിച്ചു. ദല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു.

സുതാര്യത ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെ ദുര്‍ബലമാക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ വന്ന ഹരജികളാണ് സുപ്രീംകോടതി ഇന്നു തീര്‍പ്പാക്കിയത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂഢ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളാണ്.

2009 നവംബര്‍ 24-നാണ് സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസിന്റെ ഓഫീസിനും വിവരാവകാശ നിയമം ബാധകമാണെന്ന് ദല്‍ഹി ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വിധിച്ചത്. സുപ്രീംകോടതിയും ചീഫ് ജസ്റ്റിസിന്റെ ഓഫീസും പൊതുസ്ഥാപനങ്ങളാണ്.

അതിനാല്‍ ഭരണപരമായ കാര്യങ്ങളെക്കുറിച്ചു പൗരന്മാര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കേണ്ടതു നിയമപരമായ ഉത്തരവാദിത്വമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

ഇതിനെതിരെ 2010 നവംബറിലാണ് സുപ്രീംകോടതിയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപ്പീല്‍ നല്‍കിയത്. ഇതു പരിഗണിച്ച് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. 2016-ലാണ് ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ തേടി സുഭാഷ് ചന്ദ്ര അഗര്‍വാളെന്നയാള്‍ നല്‍കിയ അപേക്ഷയാണ് കേസിന്റെ തുടക്കം. വിവരങ്ങള്‍ നല്‍കാന്‍ സുപ്രീംകോടതി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിസ്സമ്മതിച്ചു.

ഇതിനെതിരെ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉത്തരവിറക്കി. തുടര്‍ന്നാണു വിഷയം ഹൈക്കോടതിയിലെത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more