ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശത്തിന്റെ പരിധിയിലെന്ന് വിധി. ചീഫ് ജസ്റ്റിസ് പൊതുസ്ഥാപനമാണെന്നും സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ടെന്നും സുപ്രീംകോടതി വിധിച്ചു. ദല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു.
സുതാര്യത ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെ ദുര്‍ബലമാക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ വന്ന ഹരജികളാണ് സുപ്രീംകോടതി ഇന്നു തീര്‍പ്പാക്കിയത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂഢ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളാണ്.
2009 നവംബര്‍ 24-നാണ് സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസിന്റെ ഓഫീസിനും വിവരാവകാശ നിയമം ബാധകമാണെന്ന് ദല്‍ഹി ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വിധിച്ചത്. സുപ്രീംകോടതിയും ചീഫ് ജസ്റ്റിസിന്റെ ഓഫീസും പൊതുസ്ഥാപനങ്ങളാണ്.