ചീഫ് ജസ്റ്റിസുമായുള്ള തര്‍ക്കത്തിനൊടുവില്‍ സീനിയേഴ്‌സ് മിനിറ്റുകള്‍ക്കൊണ്ട് ലക്ഷങ്ങള്‍ ഉണ്ടാക്കുന്ന 'മെന്‍ഷനിങ്' നിര്‍ത്തലാക്കിച്ച് മലയാളി അഭിഭാഷകന്‍
Daily News
ചീഫ് ജസ്റ്റിസുമായുള്ള തര്‍ക്കത്തിനൊടുവില്‍ സീനിയേഴ്‌സ് മിനിറ്റുകള്‍ക്കൊണ്ട് ലക്ഷങ്ങള്‍ ഉണ്ടാക്കുന്ന 'മെന്‍ഷനിങ്' നിര്‍ത്തലാക്കിച്ച് മലയാളി അഭിഭാഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st September 2017, 11:02 am

ന്യൂദല്‍ഹി: സുപ്രീംകോടതിയില്‍ തെറ്റായ കീഴ്‌വഴക്കമായി മാറിയ മുതിര്‍ന്ന അഭിഭാഷകരുടെ “മെന്‍ഷനിങ്” നിര്‍ത്തലാക്കിച്ച് മലയാളി അഭിഭാഷകന്‍ പി.വി ദിനേശ്. ചീഫ് ജസ്റ്റിസുമായി വാഗ്വാദത്തിലേര്‍പ്പെട്ടാണ് ദിനേശ് മുതിര്‍ന്ന അഭിഭാഷകര്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കിയത്.

വിഷയമുന്നയിച്ചതിന് ദിനേശിനോട് രോഷം പ്രകടനം നടത്തിയ ചീഫ് ജസ്റ്റിസ് പിന്നീട് ചട്ടപ്രകാരം ഉത്തരവിറക്കിയാണ് മെന്‍ഷനിങ് സമ്പ്രദായം നിര്‍ത്തലാക്കിയത്. കേരളത്തിന്റെ മുന്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ കൂടിയായ അഡ്വ പി.വി ദിനേശ് നീലേശ്വരം മടിക്കൈ സ്വദേശിയാണ്.


Also Read: ട്രംപ് അഭിനവ ഹിറ്റ്‌ലര്‍; വെനിസ്വേലക്കെതിരെ ആര്‍ക്കും ഭീഷണി മുഴക്കാനാവില്ല: നിക്കോളസ് മദൂറോ


പട്ടികയിലില്ലാത്ത കേസുകള്‍ അടിയന്തിരമായി പരിഗണിക്കപ്പെടാന്‍ ദിവസവും സുപ്രീം കോടതി ചേരുമ്പോള്‍ ചീഫ് ജസ്റ്റിസിനു മുമ്പാകെ കേസ് പരാമര്‍ശിക്കുന്ന രീതിയാണ് മെന്‍ഷനിങ് എന്നറിയപ്പെടുന്നത്. ചീഫ് ജസ്റ്റിസിന് തന്റെ വിവേചനാധികാരമുപയോഗിച്ച് കേസുകളിലെ നടപടികള്‍ വേഗത്തിലാക്കാനും തീയതി ലഭിക്കാനുമാണ് മെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നത്.

കോടതി കീഴ്‌വഴക്കം അനുസരിച്ച് അഡ്വക്കറ്റ്‌സ് ഓണ്‍ റെക്കോഡ്‌സ് വിഭാഗത്തില്‍പ്പെടുന്ന ജൂനിയര്‍ അഭിഭാഷകരാണ് മെന്‍ഷനിങ് നടത്തേണ്ടത്. എന്നാല്‍ അടുത്തകാലത്തായി ലക്ഷങ്ങള്‍ ഫീസ് കൈപ്പറ്റുന്ന മുതിര്‍ന്ന അഭിഭാഷകര്‍ ഈ രംഗത്തേക്ക് കടന്നു വരികയായിരുന്നു. ഇതോടെ ജൂനിയര്‍ അഭിഭാഷകര്‍ക്ക് കേസ് പരിഗണിക്കാന്‍ കഴിയാതെ വരികയും ചെയ്തു.

ഇതിനെയാണ് അഡ്വ. ദിനേശ് കോടതിയില്‍ ചോദ്യം ചെയ്തത്. രണ്ടോ മൂന്നോ മിനിട്ട് കൊണ്ട് തീരുന്ന മെന്‍ഷനിങ്ങിനു സീനിയര്‍ അഭിഭാഷകര്‍ ലക്ഷങ്ങളായിരുന്നു കൈപ്പറ്റിയിരുന്നത്. ചീഫ് ജസ്റ്റിസിനു മുന്നില്‍ വിഷയം ഉന്നയിച്ച ദിനേശ് സീനിയര്‍ അഭിഭാഷകരുടെ നടപടി മൂലം ജൂനിയേര്‍സിന് അവസരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.


Dont Miss: അറബിക്കല്ല്യാണം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെത്തിയ 8 അറബിമാര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍


സീനിയര്‍ അഭിഭാഷകര്‍ മെന്‍ഷനിങ് ചെയ്യുന്നത് സുപ്രീംകോടതിയുടെ പാരമ്പര്യമല്ലെന്ന് പറഞ്ഞ ദിനേശിനോട് ദീപക് മിശ്ര രോഷാകുലനാവുകയായിരുന്നു. “മറ്റാര്‍ക്കും പാരമ്പര്യമറിയില്ലേ? താങ്കള്‍ക്ക് മാത്രമേ ഇതറിയൂ? എല്ലാവരും താങ്കളില്‍ നിന്നു പഠിക്കണമല്ലേ? ദയവായി പ്രബോധനം നിര്‍ത്തണം” എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

എന്നാല്‍ ബുധനാഴ്ച കോടതിയില്‍ തന്റെ നിലപാടില്‍ മാറ്റവുമായാണ് ദീപക് മിശ്ര എത്തിയിരുന്നത്. മുതിര്‍ന്ന അഭിഭാഷകര്‍ കേസ് പരാമര്‍ശവുമായി വരരുതെന്ന് മിശ്ര കോടതിയില്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കേസ് മെന്‍ഷനിങ്ങിനായെത്തിയപ്പോള്‍ ഇത് അനുവദിക്കില്ലെന്നും അഡ്വക്കറ്റ്‌സ് ഓണ്‍ റെക്കോഡ് മാത്രം മെന്‍ഷനിങ് നടത്തിയാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.