ന്യൂദല്‍ഹി: ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണം സംബന്ധിച്ചുള്ള ഹരജി ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസ് മുന്‍പ് പരിഗണിച്ചിരുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണിത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എ.എം.ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ലോയ കേസ് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരെ ഏല്‍പ്പിക്കാതെ ജൂനിയര്‍ ജഡ്ജിയെ ഏല്‍പ്പിച്ചത് ജസ്റ്റിസ് ചെലമേശ്വറടക്കമുള്ള ജഡ്ജിമാരെ പരസ്യമായ പ്രതിഷേധത്തിലേക്ക് എത്തിച്ചിരുന്നു.
മുതിര്‍ന്ന ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനം തന്റെ പ്രതിഛായയെ ബാധിച്ചു എന്ന് അരുണ്‍മിശ്ര കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് അരുണ്‍മിശ്ര കേസില്‍ നിന്നും പിന്‍വാങ്ങിയത്. ജനുവരി 22 മുതലാണ് വാദം തുടങ്ങുന്നത്.
ലോയ കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമ പ്രവര്‍ത്തകനായ ബന്ധുരാജ് സാംബാജി ലോണും കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനവാലയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ കേസ് പരിഗണിക്കുന്നതിനിടെ 2014 ഡിസംബറിലാണ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നത്.