ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി; ചീഫ് ജസ്റ്റിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് രാജ്യസഭ അധ്യക്ഷന്‍
Chief Justice impeachment
ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി; ചീഫ് ജസ്റ്റിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് രാജ്യസഭ അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd April 2018, 10:28 am

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി. ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യസഭാ അധ്യക്ഷനായ എം.വെങ്കയ്യ നായിഡുവാണ് പ്രമേയം തള്ളാന്‍ നിര്‍ദ്ദേശിച്ചത്.

ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് അധ്യക്ഷന്‍ പറഞ്ഞത്. നോട്ടീസ് സംബന്ധിച്ച് എം.പിമാര്‍ സഭയ്ക്കുള്ളില്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ട ലംഘനമാണന്നും നായിഡു പറഞ്ഞു.

കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളാണ് ഇംപീച്ച്‌മെന്റ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ രാജ്യസഭാ ചട്ടങ്ങള്‍ക്ക് ചേര്‍ന്നതല്ല ഈ നിലപാടെന്നും ഇതില്‍ വിശദീകരണം നല്‍കണമെന്നും അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.


ALSO READ: ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കുന്ന കോടതിയില്‍ ഇനി താന്‍ ഹാജരാവില്ലെന്ന് കബില്‍ സിബല്‍


അതേസമയം ഇംപീച്ച്‌മെന്റ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് കോണ്‍ഗ്രസ്സ് പക്ഷം.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് പ്രതിപക്ഷ നേതാക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ് നല്‍കിയത്.

ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ വേഗത്തിലാക്കിയത്. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എന്‍.സി.പി, സി.പി.ഐ.എം, സി.പി.ഐ, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി. എന്നീ പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്.