ന്യൂദല്‍ഹി: വ്യാജവാര്‍ത്തകളുടെ കാലത്ത് സത്യം ഒരു ഇരയായി മാറുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അസഹിഷ്ണുതയാണ് ആധുനികലോകം നേരിടുന്ന ഏറ്റവും വലിയ അപകടമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചായിരുന്നു അദ്ദേഹം പുതിയ കാലത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ആശങ്കകളും പങ്കുവെച്ചത്. ഗതാഗത മാര്‍ഗങ്ങളുടെയും സാങ്കേതിക വിദ്യയുടെയും വികസനം ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയെങ്കിലും വളരെ അസഹിഷ്ണുതക്കുള്ള ഒരു പ്രധാന കാരണവും ഇത് തന്നെയാണെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
‘വ്യാജവാര്‍ത്തകളുടെ ഈ കാലത്ത് സത്യം ഒരു ഇരയായി തീര്‍ന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളുടെ അതിപ്രസരത്തോടെ സത്യമാണോ വസ്തുതക്ക് നിരക്കുന്നതാണോ എന്നൊന്നും പരിശോധിക്കപ്പെടാതെ വാര്‍ത്തകള്‍ വളര്‍ന്നുപന്തലിക്കുകയാണ്,’ ജസ്റ്റിസ് പറഞ്ഞു.
ട്രോള്‍ ചെയ്യപ്പെടുന്നതിനെ കുറിച്ചും പ്രസംഗത്തില്‍ അദ്ദേഹം സംസാരിച്ചു. സാങ്കേതിക വിദ്യയുടെ വികാസം വരുത്തിവെക്കുന്ന അപകടങ്ങള്‍ നിയന്ത്രണാതീതമായിരിക്കുകയാണെന്നും ചന്ദ്രചൂഡ് പറഞ്ഞു.
‘ചെറിയ കാര്യത്തിന് പോലും ട്രോള്‍ ചെയ്യപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. ജഡ്ജുമാര്‍ പോലും ഇതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. എന്ത് ചെയ്താലും എതിരഭിപ്രായമുള്ളവര്‍ വന്ന് ട്രോള്‍ ചെയ്യും.
ആളുകള്‍ വളരെ അക്ഷമരായി കൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ഇന്ന് കഴിയുന്നത്. നമ്മളില്‍ നിന്ന് വ്യത്യസ്തമായ ഒരു ചിന്താഗതിയെയും മനസിലാക്കാനോ സ്വീകരിക്കാനോ ആരും തയ്യാറല്ല,’ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
Content Highlight: CJI D Y Chandrachud about fake news, trolls and new world