ന്യൂദല്‍ഹി: ഒരു കേസും സുപ്രീം കോടതിക്ക് ചെറുതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവര്‍ത്തികള്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ അത് വലിയ നീതിനിഷേധത്തിലേക്ക് നയിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വൈദ്യുതി മോഷ്ടിച്ചുവെന്ന കേസില്‍ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഇഖ്‌റാം എന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ ഹരജി പരിഗണിക്കുമ്പോഴാണ് ഡി.വൈ. ചന്ദ്രചൂഡ് ഇത് പറഞ്ഞത്. ജസ്റ്റിസ് പി.എസ്. നരസിംഹയും കൂടിയുള്‍പ്പെട്ട ബെഞ്ചായിരുന്നു വാദം കേട്ടത്.
‘ഒരു കേസും സുപ്രീം കോടതിക്ക് മുമ്പില്‍ ചെറുതല്ല. ഒരു കേസും മറ്റ് കേസുകളേക്കാള്‍ വലുതുമല്ല. കാരണം മനസാക്ഷിക്കും സ്വാതന്ത്ര്യത്തിനായുള്ള പൗരന്മാരുടെ മുറവിളികള്‍ക്കുമാണ് നമ്മള്‍ ഇവിടെ കാതുകൊടുക്കുന്നത്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
കോടതിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു നടത്തിയ പ്രസ്താവനയോടുള്ള മറുപടിയായിട്ടാണ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഈ വാക്കുകള്‍ വന്നിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജാമ്യഹരജികളും നിസാര കാര്യങ്ങള്‍ പറഞ്ഞെത്തുന്ന പൊതുതാല്‍പര്യ ഹരജികളും സുപ്രീം കോടതികള്‍ പരിഗണിക്കേണ്ടതില്ലെന്നും അങ്ങനെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറക്കാമെന്നുമായിരുന്നു കിരണ്‍ റിജിജു രാജ്യസഭയില്‍ പറഞ്ഞിരുന്നത്. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമേ സുപ്രീം കോടതി പരിഗണിക്കേണ്ടതുള്ളുവെന്നും റിജിജു പറഞ്ഞിരുന്നു.
അതേസമയം, വൈദ്യുതി മോഷണത്തെ കൊലക്കുറ്റം പോലെ പരിഗണിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് കേസുമായി ബന്ധപ്പെട്ട് നിരീക്ഷിച്ചിരുന്നു. നീതിനിഷേധം നടക്കുമ്പോള്‍ ഇടപെട്ടില്ലെങ്കില്‍ അത് ആര്‍ട്ടിക്കിള്‍ 136 പ്രകാരമുള്ള സുപ്രീം കോടതിയുടെ കടമയുടെ ലംഘനമാകുമെന്നും ഡി.വൈ. ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.
ഭരണഘടന നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശങ്ങളിലൊന്നാണ് പൗരന്റെ സ്വാതന്ത്ര്യമെന്നും അതില്‍ ഒരിക്കലും മാറ്റം വരുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏതൊരു കോടതിയുടെയും ട്രിബ്യൂണലിന്റെയും വിധികള്‍ക്കെതിരെയുള്ള ഹരജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ടെന്നാണ് ആര്‍ട്ടിക്കിള്‍ 136യില്‍ പറയുന്നത്.
Content Highlight: CJI Chandrachud after Rijiju’s ‘frivolous PILs’ remarks