| Monday, 24th December 2012, 12:14 pm

കൊച്ചി പോലീസിനുള്ള ഇന്ധവിതരണം സിവില്‍ സപ്ലൈസ് പുനസ്ഥാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയില്‍ സിവില്‍ സപ്ലൈസും പോലീസും തമ്മിലുള്ള തര്‍ക്കം അവസാനിച്ചു. കൊച്ചി പോലീസിനുള്ള ഇന്ധന വിതരണം പുനസ്ഥാപിച്ചതായി സിവില്‍ സപ്ലൈസ് അറിയിച്ചു. []

സിവില്‍ സപ്ലൈസിന്റെ ഇന്ധനം ആവശ്യമില്ലെന്ന് കൊച്ചി പോലീസ് വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് സിവില്‍ സപ്ലൈസിന്റെ പ്രഖ്യാപനം വന്നത്. മുന്‍കൂര്‍ പണം നല്‍കുന്ന കാര്യം പ്രായോഗികമല്ലെന്ന് സിറ്റി പോലീസ് ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു.

അതേസമയം സിവില്‍ സപ്ലൈസിനുള്ള കുടിശിക തീര്‍ത്തുനല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ധന വിതരണം പുനസ്ഥാപിച്ചതെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

കഴിഞ്ഞ മൂന്ന് മാസങ്ങളായി കൊച്ചി പോലീസും സിവില്‍ സപ്ലൈസും ഈ വിഷയത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇടക്കാലത്ത് ചര്‍ച്ച നടത്തി പ്രശ്‌നത്തിന് താത്കാലിക പരിഹാരം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും സിവില്‍ സപ്ലൈസ് കൊച്ചി പോലീസിനുള്ള ഇന്ധനം നല്‍കുന്നത് നിര്‍ത്തിവച്ചത്.

ഇതേത്തുടര്‍ന്ന് മന്ത്രിമാര്‍ക്ക് അകമ്പടി പോകാനോ മറ്റ് ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കാനോ പോലീസിന് കഴിഞ്ഞിരുന്നില്ല. അത്യാവശ്യ കാര്യങ്ങള്‍ പോലും തടസപ്പെട്ടിരുന്നു. പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നതിന് വാഹനമൊന്നിന് പതിനായിരം രൂപ മുന്‍കൂറായി ലഭിക്കണമെന്നാണ് സിവില്‍ സപ്ലൈസിന്റെ ആവശ്യം.

ഇത് അംഗീകരിക്കില്ലെന്ന് കൊച്ചി പോലീസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ എണ്ണ കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പുകളെയും സ്വകാര്യ പമ്പുകളെയും സമീപിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more