| Monday, 11th September 2023, 8:10 am

മാധ്യമ സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രാധാന്യം മോദിയോട് ഉന്നയിച്ചു: ബൈഡൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മനുഷ്യാവകാശങ്ങൾ ബഹുമാനിക്കുന്നതിനെ കുറിച്ചും ശക്തവും സമ്പന്നവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിന് പൗരന്മാരുടെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും പങ്കിനെ കുറിച്ചും മോദിയോട് താൻ ഉന്നയിച്ചു എന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
ജി20 ഉച്ചകോടിക്ക് ശേഷം വിയറ്റ്നാമിൽ എത്തിയ അദ്ദേഹം ഹാനോയിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇന്ത്യ-യു.എസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയുമായി കാര്യമായ ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിനുള്ള നന്ദി അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് പ്രസിഡന്റ് എന്ന നിലയിൽ ആദ്യമായി ഇന്ത്യയിൽ എത്തിയ ബൈഡൻ മോദിയുമായി വിവിധ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു.
ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തം കൂടുതൽ മികച്ചതാക്കാനും 31 ഡ്രോണുകൾ വാങ്ങാനും ജെറ്റ് എഞ്ചിനുകളുടെ സംയുക്ത വികസനത്തിനുമുള്ള ഇന്ത്യയുടെ നീക്കത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

വൈറ്റ് ഹൗസിൽ നിന്ന് നിരവധി പ്രാവശ്യം അഭ്യർത്ഥിച്ചിട്ടും വെള്ളിയാഴ്ച ദൽഹിയിലെ മോദിയുടെ വസതിയിൽ വച്ചു നടന്ന ഇന്ത്യ-യു.എസ് ഉഭയകക്ഷി യോഗത്തിൽ ബൈഡനോടും മോദിയോടും ചോദ്യം ചോദിക്കാൻ മാധ്യമങ്ങളെ അനുവദിച്ചിരുന്നില്ല.

‘ഈ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലാണ് നടക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഇത് അസാധാരണമാണ്. പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ച് യോഗങ്ങൾ നടക്കുന്ന ഇന്ത്യയിലെ സ്ഥിരം ഉഭയകക്ഷി സന്ദർശനം അല്ല ഇത്,’ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സുള്ളിവനെ ഉദ്ധരിച്ചുകൊണ്ട് സി.എൻ.എൻ റിപ്പോർട്ട് ചെയ്തിരുന്നു.

‘സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, ബഹുസ്വരത, എല്ലാ പൗരന്മാർക്കും തുല്യ അവസരം എന്നിവ ഇരു രാജ്യങ്ങളുടെയും വിജയം ആസ്വദിക്കുന്നതിന് നിർണായകമാണ്. ഈ മൂല്യങ്ങൾ നമുക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്തും,’ മോദിയുടെയും ബൈഡന്റെയും ഉഭയകക്ഷി ചർച്ചക്ക് ശേഷം പുറത്ത് വിട്ട സംയുക്ത പ്രസ്താവനയിൽ പറയുന്നു.

യു. എസിന്റെ ആഗോള നേതൃത്വവും ലോകജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള പ്രതിബദ്ധതയും
പ്രകടിപ്പിക്കാനുള്ള പ്രധാനപ്പെട്ട നിമിഷമായിരുന്നു ജി20 ഉച്ചകോടിയിലേത് എന്നും ബൈഡൻ പറഞ്ഞു.

Content Highlight: Raised role of civil society, free press & human rights with Modi: Biden in Hanoi

We use cookies to give you the best possible experience. Learn more