വിഷയം ബാങ്ക് അല്ല; ഉച്ചഭാഷിണികളാണെന്ന് തിരിച്ചറിയാതെ ഉറഞ്ഞ് തുള്ളുന്ന സോഷ്യല്‍ മീഡിയ പോരാളികള്‍
social issue
വിഷയം ബാങ്ക് അല്ല; ഉച്ചഭാഷിണികളാണെന്ന് തിരിച്ചറിയാതെ ഉറഞ്ഞ് തുള്ളുന്ന സോഷ്യല്‍ മീഡിയ പോരാളികള്‍
സൗമ്യ ആര്‍. കൃഷ്ണ
Wednesday, 27th February 2019, 7:00 pm

നിസ്‌കാരസമയം മതവിശ്വാസികളെ അറിയിക്കാനുള്ള സംവിധാനമായാണ് ബാങ്ക് കരുതപ്പെടുന്നത്. ഒരങ്ങാടിയിയില്‍ തന്നെ രണ്ടില്‍ കൂടുതല്‍ പള്ളികള്‍ ഉള്ള സ്ഥലങ്ങളില്‍ ബാങ്ക് ശബ്ദം ഒരു ബുദ്ധിമുട്ടായി മാറുന്നുവെന്ന പരാതി പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. ശബ്ദ മലിനീകരണം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഇതില്‍ നിലനില്‍ക്കുന്നു. ഒരു പ്രസംഗത്തിനിടെ ഇതേ വിഷയം ഉന്നയിച്ചതിന്റെ പേരില്‍ ഐ.എ.എസ് ഉദ്ദ്യോഗസ്ഥ സോഷ്യല്‍ മീഡിയ ആക്രമിക്കപ്പെട്ടതോടെ വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്.

ഇതാദ്യമായല്ല പ്രമുഖര്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നത്. എ.എന്‍.ഷംസീര്‍ എം.എല്‍.എ, കെ.ടി ജലീല്‍, പി.കെ ഫിറോസ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, തുടങ്ങിയവര്‍ ഈ വിഷയം നേരത്തെ തന്നെ ഉന്നയിച്ചവരാണ്.

ബാങ്ക് ഇസ്ലാമില്‍ അത്യധികം പ്രാധാന്യമുള്ള, വിശുദ്ധ ദീനിന്റെ സമ്പൂര്‍ണ്ണമായ ദഅ്”വത്താണ്. എന്നാല്‍ ഇസ്ലാമിലേക്കും അതുവഴി കാലാകാല വിജയത്തിലേക്കുമുള്ള ക്ഷണമായ ദഅ്”വത്ത് പോലും ആളുകള്‍ക്ക് ശല്യമാകുന്ന രീതിയില്‍ നടന്നാല്‍ അത് ശരിയല്ല എന്ന് ചില മത പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടാതെ വിവിധ കോടതികളും ഈ വിഷയത്തില്‍ ഉച്ചഭാഷിണികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉത്തരവിറക്കിയിട്ടുണ്ട്.

ഖബര്‍സ്ഥാനുകളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ ഗോവയിലെ പനാജി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിരോധിച്ചിരുന്നു. സമീപപ്രദേശത്തെ സമാധാനവും പ്രശാന്തതയും ലംഘിക്കപ്പെടുന്നത് തടയാനാണ് നടപടിയെന്ന് പനാജി മുനിസിപ്പല്‍ കമ്മീഷണര്‍ അജിത് റോയ് പുറത്തിറക്കിയ ഇത്തരവില്‍ പറയുന്നു. ബാങ്ക് ഉച്ചഭാഷിണിയില്‍ കൊടുക്കണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്ന് മറ്റൊരു ഹരജി പരിഗണിക്കെ ഹരിയാന ഹൈക്കോടതിയും ചോദിച്ചിരുന്നു. ഒരു പ്രദേശത്തെ ഒന്നില്‍ കൂടുതല്‍ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ ബോംബെ ഹൈക്കോടതിയും മുമ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. ലക്‌നൗ, അലഹാബാദ് തുടങ്ങി നിരവധി ഹൈക്കോടതികള്‍ സമാന ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്.

സ്വന്തം ജോലി നോക്കി സ്വസ്ഥമായി ജീവിക്കുന്ന ആളുകളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്. വിശ്വാസികള്‍ മറ്റ് സമുദായങ്ങളെ ബുദ്ധമുട്ടിക്കുന്നുതും വിവാദമുണ്ടാക്കാനിടയുള്ള കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും സമസ്ത കേരള ജംഇയത്തുല്‍ അല്‍ ഉലമയുടെ ഉപാധ്യക്ഷനും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും മുന്നൂറ് മഹല്ലുകളുടെ ഖാസിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചന്ദ്രികയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.

ഇതൊന്നും പരിഗണിക്കാതെയാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍. മതവുമായി ബന്ധപ്പെട്ട് ആര് എന്ത് ചൂണ്ടികാണിച്ചാലും അവരെ മുഴുവന്‍ കണ്ണടച്ച് ശത്രുക്കളാക്കുന്ന നിലപാടാണ് പലരും സ്വീകരിച്ചത്. ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് അദീല റബീഹ് അബ്ദുള്ളക്ക് നേരെ നടന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍.

കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത് ഫെബ്രുവരി പത്തിനു നടന്ന ആനയാംകുന്നു അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയയുടെ വാര്‍ഷിക പരിപാടിയുടെ ഉദ്ഘാടകയായിരുന്നു ഐ.എ.എസ് ഉദ്ദ്യോഗസ്ഥയും ലൈഫ് പദ്ധതിയുടെ ചുമതലയുള്ള ആളുമായ അദീല റബീഹ് അബ്ദുള്ള. അദീല ഉദ്ഘാടന പ്രസംഗം നടത്തി കൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത പള്ളിയില്‍നിന്നു ഉച്ച ഭാഷിണിയില്‍ ബാങ്ക് കൊടുത്തു. ബാങ്കു കേട്ടപ്പോള്‍ അവര്‍ പ്രസംഗം നിര്‍ത്തി. ആ ബാങ്കു കഴിഞ്ഞു പ്രസംഗം തുടരാന്‍ നേരത്ത് വീണ്ടും ഒന്നിലധികം പള്ളികളില്‍ നിന്നും ഉച്ചഭാഷിണിയില്‍ ബാങ്കുകള്‍ കേട്ട് തുടങ്ങി.അപ്പോള്‍ അദീല പറഞ്ഞു:
ബാങ്ക് ഒരു പള്ളിയില്‍നിന്നു കൊടുക്കുന്ന കാര്യം ഇനിയെങ്കിലും നമ്മള്‍ ആലോചിക്കേണ്ടതാണ്. ചില സ്ഥലങ്ങളില്‍ അഞ്ചും ആറും ബാങ്കുകള്‍ കൊടുക്കും. (പശ്ചാത്തലത്തില്‍ രണ്ട് പള്ളികളിലെ ബാങ്കുവിളി). ദാ.. എന്ത് വാശിയാന്നു നോക്ക്യേ.. നമസ്‌കാരത്തിനുള്ള ഓര്‍മപ്പെടുത്തലാണ് ബാങ്ക്. അതിനു കൂടുതല്‍ ഇംപോര്‍ട്ടന്‍സ് കൊടുക്കേണ്ട കാര്യമില്ല. എനിക്കു തോന്നുന്നു നിങ്ങളുടെ പള്ളിയാണെങ്കില്‍ നിങ്ങള്‍ വിട്ടുകൊടുക്കുകയാണെങ്കില്‍ നല്ലതേ സംഭവിക്കുകയുള്ളൂ. മലപ്പുറത്തൊക്കെ ജോലി ചെയ്യുമ്പാഴാണ്, പള്ളികള്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് ഞാന്‍ മതസംഘടനകളെ ശരിക്കു മനസ്സിലാക്കിയത്. പള്ളി പ്രശ്‌നം നടക്കുമ്പോഴാണ് മത സംഘടനകളുടെ ഒരു ബലം നമുക്ക് മനസ്സിലാകുക. പിന്നെ എന്റെ അടുത്തു കടലാസുമായി വരുന്നവരോട് ഞാന്‍ പറയും, നിങ്ങളുടെ നേതാക്കന്മാരുടെ നിലവാരമൊക്കെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ കടലാസുമായി എന്റെ അടുത്തു വരരുതെന്ന്. ഇത്തരം കാര്യങ്ങളിലൊക്കെ നമ്മള്‍ പുനര്‍വിചിന്തനം നടത്തണം. ഒറ്റ ബാങ്ക് നല്ല ഉച്ചത്തില്‍ കൊടുത്തോളൂ. എല്ലാവരും കേള്‍ക്കട്ടെ. നിസ്‌കരിക്കാന്‍ എല്ലാവര്‍ക്കും തോന്നുന്ന തരത്തിലുള്ള നല്ല ബാങ്കു നിങ്ങള്‍ക്കൊക്കെ കൊടുക്കാന്‍ സാധിക്കട്ടെ.

അദീലയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അവര്‍ക്ക് നേരെ അസഭ്യവര്‍ഷം തുടങ്ങുകയായിരുന്നു. അദീലയുടെ പ്രസംഗം ബാങ്കിനെയും ഇസ്ലാമിനെയും അപമാനിക്കുന്നതാണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ കമന്റുകളുടെയും പോസ്റ്ററുകളുടെയും രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇതാദ്യമായല്ല ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞവര്‍ക്ക് നേരെ ആക്രമണം നടക്കുന്നത്.

ഒരു ടൗണില്‍ അഞ്ച് പള്ളികളുണ്ടെങ്കില്‍ അഞ്ചിടത്തും ഒരേസമയം ബാങ്ക് വിളിക്കേണ്ടതുണ്ടോയെന്ന് ചിന്തിക്കണമെന്ന് അഡ്വ. എ.എന്‍.ഷംസീര്‍ എം.എല്‍.എ. പാനൂരില്‍ പ്രൊഫ. എ.പി.അബ്ദുള്‍ഖാദര്‍ കള്‍ച്ചറല്‍ സെന്റര്‍ മതഭീകരതയ്ക്കെതിരെ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യവെ പറഞ്ഞിരുന്നു. അദ്ദേഹത്തിനെതിരെയും സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണങ്ങളുണ്ടായി. എന്നാല്‍ ഇത് വിശ്വാസികളുടെ പൊതുവായ നിലപാടല്ല എന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.

“എല്ലാ സമുദായങ്ങള്‍ക്കും അവരുടെ പ്രാര്‍ത്ഥനാ സമയം വിശ്വാസികളെ അറിയിക്കാനുള്ള ഒരു വഴിയുണ്ടാകും. ക്രിസ്ത്യന്‍ പള്ളിയില്‍ മണി പോലെ , മറ്റു ചില സ്ഥലങ്ങളില്‍ വലിയ ഡ്രം അടിക്കുന്നത് പോലെ ഇസ്ലാമില്‍ സ്വീകരിച്ച വഴിയാണ് ബാങ്ക്. ഇസ്ലാം മത വിശ്വാസികളെ പ്രാര്‍ത്ഥനാ സമയമായി എന്ന് അറിയിക്കുവാനായി പ്രവാചകന്‍ നിശ്ചയിച്ച വഴിയാണ് ബാങ്ക്. നിങ്ങള്‍ പ്രാര്‍ത്ഥനയിലേക്കും അള്ളാഹുവിന്റെ വഴിയിലേക്കും വരൂ എന്ന് അറിയിക്കുന്നതാണത്. ബാങ്ക് കൊടുക്കുന്നതിനെ കുറിച്ചാര്‍ക്കും പരാതി ഇല്ല. ഏറ്റവുമൊടുവില്‍ ഈ സംഭവത്തില്‍ പ്രതികരിച്ച അദീലക്കും ബാങ്കിന്റെ കാര്യത്തിലായിരുന്നില്ല ആശങ്ക. പകരം ഉച്ചഭാഷിണിയില്‍ ബാങ്ക് കൊടുക്കുന്നതായിരുന്നു അവര്‍ ഉന്നയിച്ച വിഷയം. ഒരേ സമയത്ത് പല സ്ഥലങ്ങളില്‍ നിന്നായി ബാങ്ക് കൊടുക്കുമ്പോള്‍ ബാങ്കിന്റെ ഉദ്ദേശ്യം തന്നെ തെറ്റിപ്പോകും. വിശ്വാസികള്‍ക്ക് ബാങ്കില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകണമെങ്കില്‍ അത് വ്യക്തമായി കേള്‍ക്കണമല്ലൊ. ഒരു പ്രദേശത്തെ ഒരു പള്ളിയില്‍ നിന്ന് ഉച്ചഭാഷിണിയില്‍ കൊടുക്കുകയും മറ്റു പള്ളിയില്‍ നിന്ന് ഉച്ചഭാഷിണി ഇല്ലാതെയും ബാങ്ക് കൊടുക്കട്ടെ.” കേരള സര്‍വ്വകലാശാല അധ്യാപകനായ അഷ്‌റഫ് കടക്കല്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പി.ടി മുഹമ്മദ് സാദിഖ് ഫേസ്ബുക്ക് കുറിപ്പില്‍ ബാങ്ക് ഉച്ചഭാഷിണിയുടെ കാര്യം മുമ്പ് പലരും ഉന്നയിച്ചതായും , ഹൈക്കോടതികള്‍ വരെ ഇതേ കാര്യം ചൂണ്ടിക്കാട്ടിയതായും സാക്ഷ്യപ്പെടുത്തുന്നു. കുറിപ്പിന്റെ പ്രസക്ത ഭാഗം.

അരോചകമായ ശബ്ദത്തില്‍ മുഴങ്ങുന്ന ബാങ്കുകള്‍ കുട്ടികളേയും വിനോദ സഞ്ചാരികളേയും പേടിപ്പിക്കുന്നുവെന്നു പ്രശസ്ത ഈജിപ്ഷ്യന്‍ നടി ഷിറീന്‍ റിദ പറഞ്ഞത് ഈയിടെയാണ്. ബാങ്കുവിളി കാരണം ഉറങ്ങാന്‍ പറ്റുന്നില്ലെന്നു പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗം ട്വീറ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. സോനു നിഗമിനെ പിന്തുണച്ചു പീന്നീട് ഗാനരചയിതാവ് ജാവേദ് അഖ്തര്‍ രംഗത്തെത്തിയിരുന്നു.

ബാങ്കുവിളി അന്യമതക്കാര്‍ക്ക് ശല്യമാകരുതെന്നു പറഞ്ഞത് ചാണ്ഡിഗഢ് ജുമാമസ്ജിദിലെ ഇമാം മൗലാനാ അജ്മല്‍ ഖാനാണ്. സുബ്ഹി ബാങ്ക് അന്യമതക്കാരുടെ ഉറക്കം കെടുത്തുന്നുവെന്നും അതുകൊണ്ട് സുബ്ഹി ബാങ്കിനു ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. പുലര്‍ച്ചെ നാലേ മൂക്കാലിനു വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നപ്പോള്‍ ബാങ്കുവിളി ശല്യമായെന്നു പറഞ്ഞ ചലച്ചിത്ര താരം സുചിത്രയും സോഷ്യല്‍ മീഡിയ ആക്രമണത്തിനു വിധേയയായിരുന്നു.ജനത്തിനു ശല്യമാകുന്ന ബാങ്കുവിളി മതപണ്ഡിതന്മാര്‍ ചേര്‍ന്നു നിയന്ത്രിക്കണെന്നു മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂര്‍ രണ്ട് വര്‍ഷം മുമ്പ് പ്രസ്താവിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ വാഴക്കാട് അങ്ങാടിയില്‍ ഒരു പള്ളിയില്‍നിന്നു മാത്രം ഉച്ചഭാഷിണിയില്‍ ബാങ്കു വിളിച്ചാല്‍ മതിയെന്നു തീരുമാനിച്ചത് 2017 ജൂണിലാണ്. പതിനേഴ് മസ്ജിദ് കമ്മിറ്റികളുടെ സംയുക്ത യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. വാഴക്കാട് അങ്ങാടിയില്‍ മാത്രം ഏഴ് പള്ളികളുണ്ട്. അങ്ങാടിയുടെ പരിസരത്തു പത്ത് പള്ളികളും മുഹമ്മദ് സാദിഖ് കുറിപ്പില്‍ പറഞ്ഞു.

കേള്‍വിശക്തി കുറയുക, ഹൃദയമിടിപ്പ് കൂടുക തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ശബ്ദ മലിനീകരണം ഉണ്ടാക്കുന്നത്. പഞ്ചാബ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോഡ് നടത്തിയ പഠനത്തില്‍ മിക്ക ദേവാലയങ്ങളിലെയും ശബ്ദം അനുവദിച്ച ഡെസിബെല്ലിന് മുകളിലാണെന്ന് കണ്ടെത്തിയിരുന്നു.ഇത് ചൂണ്ടാക്കാിയപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ പലരും അപമാനിക്കപ്പെട്ടത്.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.