കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം കോഴിക്കോട് മിഠായിത്തെരുവില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയ സംഭവത്തില്‍ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് സസ്‌പെന്‍ഷന്‍.
അന്വേഷണ വിധേയമായാണ് നടപടി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിവരം ഉമേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
മിഠായിത്തെരുവിലെ അക്രമണസംഭവങ്ങളില്‍ കോഴിക്കോട് പൊലീസ് മേധാവിയായിരുന്നു എസ് കാളിരാജ് മഹേഷ് കുമാറിനെതിരെയായിരുന്നു ഉമേഷ് വിമര്‍ശനം ഉന്നയിച്ചിരുന്നത്. സര്‍ക്കാരും ഡി ജി.പിയും നിര്‍ദ്ദേശിച്ച പ്രകാരം മിഠായിത്തെരുവിലെ കടകള്‍ക്കു സുരക്ഷ നല്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും പൊലീസിന്റെ വില കളയുന്ന അവസ്ഥയുണ്ടാക്കിയത് കമ്മീഷണറുടെ അറിവില്ലായ്മയാണോ അതോ മറ്റെന്തെങ്കിലും താല്പര്യങ്ങള്‍ കൊണ്ടാണോയെന്ന് വ്യക്തമാക്കണമെന്ന് ഉമേഷ് പ്രതികരിച്ചിരുന്നു.
ഉമേഷിന്റെ വിമര്‍ശനം ശരിവെക്കുന്ന തരത്തില്‍ എസ്.കാളിരാജ് മഹേഷ് കുമാറിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്തേക്കാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. സഞ്ജയ് കുമാര്‍ ഗുരുദിനാണ് നിലവില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍.