| Thursday, 2nd October 2014, 9:24 pm

വീട്ടുജോലിക്കാരിക്കെതിരായ പോലീസ് മര്‍ദ്ദനം: സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കൊച്ചി: ചേരാനെല്ലൂരില്‍ യുവതി പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. സംഭവത്തില്‍ ശ്രീജി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ലീബയെ ക്രൂരമായ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്. എന്നാല്‍ ലീബക്കെതിരെ ക്രൂരകൃത്യങ്ങള്‍ ചെയ്തവരെ സംരക്ഷിച്ച് സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ശ്രീജിയെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഇതിനെതിരെ സമരസമിതി തന്നെ രംഗത്ത് വന്നതോടെയാണ് ശ്രീജിയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്.

എറണാകുളം അമൃത ആശുപത്രിയിലെ ഡോ. ഹരീഷ്‌കുമാറും മകനുമാണ് 15 പവന്‍ മോഷ്ടിച്ചുവെന്നാരോപിച്ച് വീട്ടുജോലിക്കാരിയായ ലീബക്കെതിരെ വ്യാജപരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 23ന് ചേരാനെല്ലൂര്‍ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

കണ്ണുകളില്‍ മുളക് തേക്കുകയും വടി കൊണ്ട് നട്ടെല്ലിന് അടിക്കുകയും ചെയ്ത പോലീസ് അറസ്റ്റ് ചെയ്ത് 34 മണിക്കൂറിന് ശേഷമാണ് ലീബയെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയത്. പോലീസിന്റെ ക്രൂരമായ മൂന്നാംമുറയില്‍ നട്ടെല്ലിന് പരിക്കേറ്റ് ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലീബ.

ഇതിനിടെ ലീബ മാല മോഷണക്കേസില്‍ പ്രതിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജതെളിവുണ്ടാക്കാനും പോലീസ് ആസൂത്രിത ശ്രമം നടത്തിയിരുന്നു. സംഭവത്തില്‍ വീട്ടുടമയായ ഡോക്ടറുടെയും മകന്റെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍  ജസ്റ്റിസ്. ജെ.ബി കോശി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more