| Thursday, 13th June 2024, 5:37 pm

വിമാന യാത്രാനിരക്ക് കുറഞ്ഞേക്കും; സൂചന നൽകി വ്യോമയാന മന്ത്രി മോഹൻ നായിഡു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വിമാന യാത്രാനിരക്കിൽ കുറവുണ്ടായേക്കുമെന്ന സൂചന നൽകി വ്യോമയാന മന്ത്രി കിഞ്ചാരപ്പു റാം മോഹൻ നായിഡു. സാധാരണക്കാർക്കും വിമാനയാത്ര സാധ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അത് സാധ്യമാകുക കുറഞ്ഞ വിമാന നിരക്കിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ വ്യോമയാന മന്ത്രിയായി അധികാരത്തിൽ വന്നതിന് ശേഷം ആളുകളെന്നോട് നിരന്തരം പറയുന്നത് വർധിച്ച വിമാന നിരക്കുകളെക്കുറിച്ചാണ്. കൊവിഡിന് ശേഷം വിമാന നിരക്കുകൾ ഉയർന്നെന്നും ആളുകൾ പറയുന്നുണ്ട്. സാധാരണക്കാർക്കും വിമാനയാത്ര ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതിനായി ആദ്യം ഇതിനെക്കുറിച്ച് ഞാൻ വിശദമായി പഠിക്കാൻ തീരുമാനിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

ജനങ്ങൾ സാധാരണയായി യാത്ര ചെയ്യാറുള്ള കൊൽക്കത്ത-ബാഗ്‌ഡോഗ്ര, ദൽഹി-ബെംഗളൂരു, ദൽഹി-മുംബൈ റൂട്ടുകളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി വിമാനയാത്ര നിരക്കിന് വലിയതോതിൽ വർധനവുണ്ടായിട്ടുണ്ട്. എസ്.ഒ.ടി.സി ട്രാവൽ കമ്പനി പറയുന്നതനുസരിച്ച് 12 .7% വർധനവാണ് കഴിഞ്ഞ ഒരു വർഷം മാത്രമായി ഇന്ത്യയിലെ വിമാനനിരക്കിൽ ഉണ്ടായത്.

ഇന്ധനവില വർധനവും രൂപയുടെ മൂല്യത്തകർച്ചയും പ്രധാന കമ്പനികൾ വിമാനങ്ങളുടെ എണ്ണം കുറച്ചതും എൻജിൻ വിതരണത്തിലെ പ്രശ്നങ്ങൾ കാരണം ചില കമ്പനികൾ വിമാനങ്ങൾ നിർത്തിയതുമാണ് യാത്രാനിരക്ക് വർധിക്കാൻ കാരണമായതെന്ന് ഏവിയേഷൻ മേഖലയിലെ വിദഗ്ദ്ധർ പറഞ്ഞു.

മാർച്ചിൽ വേനലവധികളോടനുബന്ധിച്ച് ആഭ്യന്തര വിമാനങ്ങളുടെ എണ്ണവും ട്രിപ്പുകളും വർധിപ്പിക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകിയിട്ടുണ്ട്. ഇത് കഴിഞ്ഞ തവണത്തേക്കാൾ 6% കൂടുതലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആഴ്ചയിൽ ആഭ്യന്തര യാത്രയ്ക്കായി 24,275 ട്രിപ്പുകളും വിദേശയാത്രക്കായി 1,922 ട്രിപ്പുകളുമാണ് അധികമായി അനുവദിച്ചിട്ടുള്ളത്. വേനലവധിയോടനുബന്ധിച്ച് അനുവദിക്കുന്ന പ്രത്യേക ട്രിപ്പുകളുടെ എണ്ണത്തിൽ വർഷം 5 .1% വർധനവ്‌ ഉണ്ടാകുന്നുണ്ടെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു.

Content Highlight: civil aviation minister Ram Mohan Nidu hints at bringing down airfares

We use cookies to give you the best possible experience. Learn more