'ഇടതുപക്ഷ പ്രതിഷേധത്തോടൊപ്പം ചേര്‍ന്ന് വിശാലമായ ഐക്യമുണ്ടാക്കാം'; 17ാം തിയ്യതിയിലെ ഹര്‍ത്താലില്‍ നിന്ന് പിന്തിരിയണമെന്ന് സിവിക് ചന്ദ്രന്‍
Citizenship Amendment Act
'ഇടതുപക്ഷ പ്രതിഷേധത്തോടൊപ്പം ചേര്‍ന്ന് വിശാലമായ ഐക്യമുണ്ടാക്കാം'; 17ാം തിയ്യതിയിലെ ഹര്‍ത്താലില്‍ നിന്ന് പിന്തിരിയണമെന്ന് സിവിക് ചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2019, 10:53 pm

തിരുവനന്തപുരം: ഡിസംബര്‍ 17ന് കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിന്ന് പിന്തിരിയണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍. ചൊവ്വാഴ്ച നടത്താനിരിക്കുന്ന ഹര്‍ത്താല്‍ ചില ഇസ്ലാമിക സംഘടനകളും ദളിത് സംഘടനകളും നക്‌സലൈറ്റ് സംഘടനകളും ചില സാംസ്‌കാരിക പ്രവര്‍ത്തകരും അടങ്ങുന്ന സംഘമാണ് നടത്തുന്നത്.

ഈ വരുന്ന 19ന് ഇടതുപക്ഷ പാര്‍ട്ടികല്‍ സംയുക്തമായി ദേശവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിയ്ക്കുകയാണ്. അത്തരമൊരു വേളയില്‍ ചൊവ്വാഴ്ച നടത്താനുദ്ദേശിക്കുന്ന ഹര്‍ത്താലിന്റെ ആവശ്യകത പരിശോധിക്കേണ്ടതാണെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു. ലെഫ്റ്റ് ക്ലിക്ക് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്ന സാഹചര്യത്തില്‍ പുരോഗമന വാദികളായ മതേതര വാദികളായ, ഇടതുപക്ഷ മനസുള്ള എല്ലാവരും ഉത്കണ്ഠപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ പ്രതിപക്ഷ പാര്‍ട്ടികളാരും പ്രതിഷേധത്തിന് ഇറങ്ങിയിട്ടില്ല. 19ന് ഇറങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ അതിന് മുമ്പായി നടത്തുന്ന ഹര്‍ത്താല്‍ കേരളത്തിന്റെ വിശാല ഐക്യത്തിന് കോട്ടം തട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നതില്‍ ഇന്ത്യയില്‍ വടക്കു കിഴക്കു സംസ്ഥാനങ്ങളിലും ദല്‍ഹിയിലുമൊക്കെ പ്രതിഷേധം തുടരുകയാണെന്നും കശ്മീര്‍ മുഖ്യധാരയില്‍ നിന്നുതന്നെ മാറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കത്തുകയാണ്. ആസ്സാമില്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തയാളുകള്‍ കൊല്ലപ്പെട്ടു. കാശ്ശീര്‍ മാസങ്ങളായി മുഖ്യധാരയില്‍നിന്ന് വെട്ടിമാറ്റപ്പെട്ടിരിക്കുകയാണ്. വടക്കേയിന്ത്യയിലും വടക്കു കിഴക്കന്‍ ഇന്ത്യയിലും യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് കാര്യമായ വിവരമൊന്നുമില്ല’ സിവിക് പറയുന്നു.

കബില്‍ സിബല്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ വളരെ മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് നിലപാട് എടുത്തിരുന്നവരായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും പൗരത്വ ഭേദഗതി ബില്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന് നിവര്‍ന്ന് നിന്ന് പ്രഖ്യാപിക്കുകയും 19 ന് ഇടതുപക്ഷ പാര്‍ട്ടികള്‍ ദേശവ്യാപക പ്രതിഷേധം തുടങ്ങാനിരിക്കുകയും ചെയ്യുന്ന ഈ സമയത്ത്, കഴിയുന്നത്ര ഐക്യമുണ്ടാക്കി മതേതര ഇന്ത്യയുടെ, ജനാധിപത്യ ഇന്ത്യയുടെ വികാരം പ്രകടിപ്പിക്കുകയാണ് വേണ്ടത്. അതിന് തടസ്സമായി നില്‍ക്കുന്നതായിരിക്കും 17 ന്റെ ഹര്‍ത്താലെന്ന് ഞാന്‍ കരുതുന്നു’-സിവിക് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തിലെ ഒരാളൊഴികെ എല്ലാവരും പൗരത്വ ഭേദഗതി ബില്ലിനെതിരാണെന്നും നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്ത് കേരളം ഈ ബില്ലിനെതിരാണ് എന്ന് പ്രഖ്യാപിക്കാനുള്ള സാധ്യത ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിനെതിരാണ് കേരളമെന്ന പൊതുധാരണയെ തകര്‍ക്കാനാണ് ഈ ഹര്‍ത്താല്‍ കൊണ്ട് ഉപകരിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

’17 ലെ ഹര്‍ത്താല്‍ പിന്‍വലിക്കണമെന്നും 19ന് ഇടതുപക്ഷം നടത്തുന്ന പ്രതിഷേധത്തോടൊപ്പം ചേര്‍ന്ന് വിശാലമായ ഐക്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കണമെന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതിനുള്ള പക്വതയും വിവേകവും ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഘടനകള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’- സിവിക് പറഞ്ഞു.