നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം: സ്റ്റാന്റ് അപ്പ് ചലഞ്ചിന് സിവിക് ചന്ദ്രന്റെ ആഹ്വാനം
Daily News
നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം: സ്റ്റാന്റ് അപ്പ് ചലഞ്ചിന് സിവിക് ചന്ദ്രന്റെ ആഹ്വാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th November 2014, 12:18 pm

stand-up കോഴിക്കോട്: സെക്രട്ടറിയേറ്റ് നടയില്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്റ്റാന്റ് അപ്പ് ചലഞ്ചിന് ആഹ്വാനം. എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനാണ് ചലഞ്ച് കൊണ്ടുവന്നിരിക്കുന്നത്.

നില്‍പ്പ് സമരത്തിനുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് വെള്ളിയാഴ്ച (നവംബര്‍ 7)ന് 11മണിക്ക് ഒരു നിമിഷം നില്‍ക്കാനാണ് സിവിക് ആവശ്യപ്പെട്ടിരിക്കുന്നത്. എവിടെയായാലും ആര്‍ക്കൊപ്പമായാലും 11 മണിക്ക് ഒരു നിമിഷം നില്‍ക്കണമെന്നാണ് സിവിക് പറയുന്നത്.

ജൂലൈ 8നാണ് നില്‍പ്പ് സമരം ആരംഭിച്ചത്. സെക്രട്ടറിയേറ്റ് പടിക്കലെ നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇതിനകം തന്നെ പലയിടത്തും നില്‍പ്പ് സമരം നടന്നിരുന്നു.

കേരളത്തിലെ ആദിവാസികളുടെ ഊര്ഭൂമിയും അവര്‍ ഉപയോഗിക്കുന്ന മേഖലകളും പട്ടികവര്‍ഗ മേഖലയായി പ്രഖ്യാപിക്കുകയും ആദിവാസി ഗ്രാമസഭാ നിയമത്തിന് സംസ്ഥാന നിയമമുണ്ടാക്കുകയും ചെയ്യുക. കേരളത്തിലെ ആദിവാസി അധിവാസ മേഖലകള്‍ ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്താനും പ്രസ്തുത മേഖലകള്‍ വിജ്ഞാപനം ചെയ്ത് കിട്ടാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും കേരള മന്ത്രിസഭ തീരുമാനമെടുക്കുക. ആദിവാസി പുനരധിവാസ വിഷന്‍ പുനരുജ്ജീവിപ്പിക്കുക. 2001ലെ കരാര്‍ നടപ്പാക്കുക.. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആദിവാസികള്‍ നില്‍പ്പ് സമരം നടത്തുന്നത്.

ആറളം ഫാമിലെ പൈനാപ്പിള്‍ കൃഷി അവസാനിപ്പിച്ച് ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുക. ആറളം ഫാമിലെ പുനരധിവാസത്തിന് കാര്‍ഷിക പദ്ധതിയിലൂന്നുന്ന സമഗ്രമായ പാക്കേജ് തയ്യാറാക്കുക. ഉയര്‍ന്ന ഉദ്യോഗസ്ഥ സംഘത്തെ ഒരു പ്രത്യേക കാലയളവിലേക്ക് ആറളം ഫാമില്‍ നിയോഗിക്കുക. ടി.ആര്‍.ഡി.എം ന്റെ മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയുടെ ഭാഗമായി പദ്ധതി നടപ്പാക്കുക. ആദിവാസികളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുക. ആറളം ഫാമില്‍ കുടിയിരുത്തിയ ആദിവാസികള്‍ക്ക് പ്രാഥമിക ജീവിത സാഹചര്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ആദിവാസികള്‍ ഉന്നയിച്ചിട്ടുണ്ട്.