| Sunday, 9th October 2022, 1:42 pm

ഹാലണ്ടിന്റെ പ്രകടനത്തില്‍ അസ്വസ്ഥനാണ്, അവനെ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കാന്‍ പോലും അവര്‍ ആവശ്യപ്പെട്ടു: സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയ ഘോഷയാത്ര തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി. കഴിഞ്ഞ ദിവസം സതാംപ്ടണെതിരായ മത്സരത്തിലും വിജയിച്ചതോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി.

എതിരില്ലാത്ത നാല് ഗോളിനാണ് സിറ്റിസണ്‍സ് സതാംപ്ടണെ പരാജയപ്പെടുത്തിയത്. നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് കഴിഞ്ഞ മത്സരത്തിലും ഗോളടിക്കുന്ന തന്റെ പതിവ് ആവര്‍ത്തിച്ചു. എന്നാല്‍ ഒറ്റ ഗോള്‍ മാത്രമാണ് താരത്തിന് നേടാനായത്.

ജാവോ കാന്‍സലോയാണ് ഗോളടിക്ക് തുടക്കമിട്ടത്. മത്സരത്തിന്റെ 20ാം മിനിട്ടിലായിരുന്നു സിറ്റിയുടെ ആദ്യ ഗോള്‍ പിറന്നത്. 32ാം മിനിട്ടില്‍ ഫില്‍ ഫോഡനും സതാംപ്ടണ്‍ വലയിലേക്ക് ഗോള്‍ തൊടുത്തുവിട്ടു.

ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന്റെ ലീഗുമായി ഇറങ്ങിയ സിറ്റി, രണ്ടാം പകുതി തുടങ്ങി നാല് മിനിട്ടിനകം തന്നെ സതാംപ്ടണ്‍ വലയില്‍ അടുത്ത ഗോളും നിക്ഷേപിച്ചു. ഇത്തവണ മഹ്‌റെസായിരുന്നു ഗോള്‍ സ്‌കോറര്‍. മത്സരത്തിന്റെ 65ാം മിനിട്ടിലാണ് ഹാലണ്ട് തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്. ഇതോടെയാണ് സിറ്റി എതിരില്ലാത്ത നാല് ഗോളിന്റെ വിജയം ആഘോഷിച്ചത്.

എന്നാല്‍ ഹാലണ്ടിന്റെ പ്രകടനത്തില്‍ താന്‍ ഒട്ടും തൃപ്തനല്ലെന്ന് തമാശപൂര്‍വം പറയുകയാണ് സിറ്റിസണ്‍സിന്റെ കോച്ചായ പെപ് ഗ്വാര്‍ഡിയോള. ഹാലണ്ട് കഴിഞ്ഞ മത്സരത്തില്‍ മൂന്ന് ഗോള്‍ നേടാത്തതില്‍ താന്‍ ഹാപ്പിയല്ലെന്നും ഗ്വാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു.

മത്സര ശേഷം പത്രസമ്മേളനത്തിലായിരുന്നു പെപ്പിന്റെ രസകരമായ മറുപടി.

‘ഞാന്‍ അവന്റെ പ്രകടനത്തില്‍ അങ്ങേയറ്റം നിരാശനാണ്. അവന്‍ മൂന്ന് ഗോള്‍ നേടിയില്ല. ഇതുകൊണ്ടാണ് അവനെ പ്രീമിയര്‍ ലീഗില്‍ നിന്നും പുറത്താക്കാന്‍ എന്റെ പക്കല്‍ ഒരു ഹരജി വരെ എത്തിയത്,’ ഗ്വാര്‍ഡിയോള തമാശയായി പറഞ്ഞു.

‘പ്രതീക്ഷകള്‍ ഏറെയാണ്. എല്ലാ മത്സരത്തിലും ഗോള്‍ നേടുന്നതിനാല്‍ അവന്‍ മൂന്നോ നാലോ ഗോള്‍ സ്വന്തമാക്കുമെന്ന് എല്ലാവരും കരുതുന്നു. അവസാനം ഗോളടിക്കാന്‍ അവനും ഉണ്ടായിരുന്നു.

അവന്‍ വീണ്ടും ഞങ്ങളെ സഹായിച്ചു. പന്ത് കൈവശം വെക്കാനും അറ്റാക്ക് ചെയ്ത് കളിക്കാനും അവനുണ്ടായിരുന്നു. എര്‍ലിങ് മികച്ച രീതിയില്‍ തന്നെ കളിച്ചുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ഗ്വാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു.

സതാംപ്ടണെതിരായ മത്സരവും വിജയിച്ചതോടെ പ്രീമിയര്‍ ലീഗിന്റെ തലപ്പത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ഒമ്പത് മത്സരത്തില്‍ നിന്നും ഏഴ് ജയവും രണ്ട് സമനിലയുമടക്കം 24 പോയിന്റാണ് സിറ്റി നേടിയത്.

ഇതുവരെ എതിരാളികളുടെ വലയില്‍ 33 ഗോള്‍ അടിച്ചുകൂട്ടിയ സിറ്റി വഴങ്ങിയത് കേവലം ഒമ്പത് ഗോളാണ്. എര്‍ലിങ് ഹാലണ്ട് തന്നെയാണ് ഗോള്‍ വേട്ടക്കാരില്‍ ഒന്നാമന്‍.

ഒക്ടോബര്‍ 16നാണ് സിറ്റിയുടെ അടുത്ത മത്സരം. യര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂളുമായിട്ടാണ് മാഞ്ചസ്റ്റര്‍ സിറ്റി ഏറ്റുമുട്ടുന്നത്. രണ്ട് ഇതിഹാസ പരിശീലകന്‍മാര്‍ തമ്മിലുള്ള പോരാട്ടമായും ഇത് വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

സീസണില്‍ ആദ്യമായാണ് ഇരുവരും ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഏഴ് മത്സരത്തില്‍ നിന്നും രണ്ട് വിജയം മാത്രമാണ് പത്താം സ്ഥാനത്തുള്ള ലിവര്‍പൂളിനുള്ളത്.

Content highlight: City coach Pep Guardiola joked that he was upset with Haaland’s performance

We use cookies to give you the best possible experience. Learn more