|

പത്തനംതിട്ടയില്‍ സി.ഐ.ടി.യു പ്രവര്‍ത്തകനെ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ കുത്തിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയില്‍ സി.ഐ.ടി.യു പ്രവര്‍ത്തനെ കുത്തിക്കൊലപ്പെടുത്തി. മാമ്പാറ പടിഞ്ഞാറേ ചരുവില്‍ ജിതിന്‍ ഷാജി (34)യാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പിന്നില്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.ഐ.എം പത്തനംതിട്ട ജില്ല നേതൃത്വം ആരോപിച്ചു. ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മറ്റു രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച രാത്രിയില്‍ പെരുനാട് കൊച്ചുപാലത്തിന് സമീപത്ത് വെച്ച് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അനന്തു എന്ന യുവാവിനെ മര്‍ദിച്ചിരുന്നു. ഈ പ്രശ്‌നം പറഞ്ഞുതീര്‍ക്കാനായി പെരുനാട് പഞ്ചായത്ത് അംഗം ശ്യാമിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്ണു, യൂണിറ്റ് സെക്രട്ടറി ശരത്, ആകാശ് എന്നിവര്‍ സ്ഥലത്തെത്തി.

എന്നാല്‍ ഇവരെയും ബി.ജെ.പി പ്രവര്‍ത്തകരായ ഗുണ്ടാസംഘത്തില്‍പെട്ട വിഷ്ണുവും നിഖിലേഷും സുമിതും മറ്റ് രണ്ടുപേരും ചേര്‍ന്ന് മര്‍ദിച്ചു. ഇതറിഞ്ഞാണ് ജിതിന്‍ ഷാജി പ്രദേശത്തെത്തിയത്. ഈ സമയത്ത് ജിതിന്‍ ഷാജിയെ സംഘത്തിലുണ്ടായ ബി.ജെ.പി പ്രവര്‍ത്തകരിലൊരാളായ വിഷ്ണു വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജിതിനെ പെരുനാട് പി.എച്ച്.സിയിലും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജിതിന്റെ വയറിന്റെ വലതുഭാഗത്ത് ആഴത്തില്‍ മുറിവേറ്റിരുന്നു. തടയാന്‍ ശ്രമിച്ച മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റു. ഇവര്‍ പത്തനംതിട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

എന്നാല്‍ രാഷ്ട്രീയ സംഘര്‍ഷമല്ല കൊലപാതകത്തിന് കാരണമായത് എന്ന് പൊലീസിനെ ഉദ്ധരിച്ച് കൊണ്ട് എഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പടെയുള്ള മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികളില്‍ മൂന്ന് പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ടെന്നും അഞ്ച് പേര്‍ ഒളിവിലാണെന്നും അവര്‍ക്ക്‌ വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് ജില്ലയിലാകെ പൊലിസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

content highlights: CITU worker stabbed to death by RSS and BJP workers in Pathanamthitta