സി.പി.ഐ.എം നിയന്ത്രണത്തിലുള്ള വടകര സഹകരണ ആശുപത്രിയില്‍ മാനേജ്‌മെന്റിനെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സമരം. ആശുപത്രി ജീവനക്കാരുമായുണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. തുടര്‍ച്ചയായി തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് മുന്‍പില്‍ മാനേജ്‌മെന്റ് മുഖം തിരിക്കുകയാണെന്നാണ് തൊഴിലാളികളുടെ പരാതി.
കരാര്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കേരള കോപ്പറേറ്റിവ് എപ്ലോയ്‌മെന്റ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തിയിരുന്നു. ജീവനക്കാര്‍ നടത്തിയ ധര്‍ണ്ണ സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.കെ ബാലനാണ് ഉദ്ഘാടനം ചെയ്തത്.
നേരത്തെയും സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് നിരവധി തവണ തൊഴിലാളികള്‍ പ്രത്യക്ഷസമരവുമായി രംഗത്തെത്തിയിരുന്നു.
” മാനേജ്‌മെന്റ് ഞങ്ങളുടെ ആവശ്യങ്ങളില്‍ ഇതുവരെ അനുകൂല നടപടിയെടുത്തിട്ടില്ല. മാനേജ്‌മെന്റ് ഇനിയും അലംഭാവം തുടരുകയാണെങ്കില്‍ ഞങ്ങള്‍ തുടര്‍സമരത്തെക്കുറിച്ച് ആലോചിക്കും”. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം വിജയന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. മാനേജ്‌മെന്റ് ജീവനക്കാരുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ പാലിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായല്ല തൊഴിലാളികളുടെ നേതൃത്വത്തില്‍ വടകര സഹകരണ ആശുപത്രിയില്‍ സമരം നടത്തുന്നത്. നേരത്തെ ഈ വര്‍ഷം ഫെബ്രുവരി 16 ന് തൊഴിലാളികള്‍ അവകാശ ദിനമായി ആചരിച്ചിരുന്നു.
1. ആശുപത്രി മാനേജ്‌മെന്റ് യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ പാലിക്കുക.
2. ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക
3. ആശുപത്രിയില്‍ 3 ഷിഫ്റ്റ് ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കുക.
4. അഞ്ച് വര്‍ഷവും അതില്‍ കൂടുതല്‍ കാലവും ആശുപത്രിയില്‍ തുടര്‍ച്ചയായി ജോലി ചെയ്തുവരുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുക.
5. ആശുപത്രിയിലെ അറ്റന്‍ഡര്‍മാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും വീക്കിലി ഓഫും നൈറ്റ് ഓഫും 2017 ഒക്ടോബര്‍ മുതല്‍ നടപ്പിലാക്കും എന്ന കരാര്‍ വ്യവസ്ഥ പാലിക്കുക
6. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച ഫീഡര്‍ കാറ്റഗറി സബ് റൂള്‍ അംഗീകരിച്ച് നടപ്പിലാക്കുക.
7. ആശുപത്രി ജീവനക്കാര്‍ക്ക് അര്‍ഹമായ ചികിത്സാ ആനുകൂല്യം അനുവദിക്കുക
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു തൊഴിലാളികള്‍ അവകാശദിനം ആചരിച്ചിരുന്നത്.
ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ മൂന്ന് ഗഡുവാണ് മുടങ്ങിക്കിടക്കുന്നതെന്ന് ആശുപത്രി ജീവനക്കാരനും കേരള കോപ്പറേറ്റിവ് എപ്ലോയ്‌മെന്റ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) വടകര സഹകരണ ആശുപത്രി യൂണിയന്‍ അംഗവുമായ ദിനേശ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “അംഗീകരിച്ച വ്യവസ്ഥകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റുമായി നാലുതവണ ചര്‍ച്ച നടത്തിയിരുന്നു. എല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്ന് എഴുതിത്തന്നതാണ്. ” ദിനേശ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇനിയും മാനേജ്‌മെന്റ് തയ്യാറായിട്ടില്ലെങ്കില്‍ തുടര്‍സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് തന്നെയാണ് ദിനേശ് കുമാറും പറയുന്നത്.
കഴിഞ്ഞ മാസം അസോസിയേഷന്‍ രൂപീകരിച്ചതിന്റെ പേരില്‍ നഴ്സുമാരെ ദ്രോഹിക്കുന്നതായി പരാതിയും ആശുപത്രിയില്‍ നിന്ന് ഉയര്‍ന്നിരുന്നു. അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരുമായ നാലു പേരെ ജോലി ചെയ്യുന്നത് വിലക്കിയെന്നായിരുന്നു പരാതി. കേരളത്തിലുടനീളമുള്ള ആശുപത്രികളില്‍ നഴ്സസ് അസോസിയേഷന്‍ രൂപീകരിച്ച അവസരത്തില്‍ വടകര സഹകരണ ആശുപത്രിയിലും സംഘടനക്ക് രൂപം നല്‍കിയിരുന്നു. അന്നു മുതല്‍ സംഘടനയുടെ തലപ്പത്തുള്ളവരോട് പ്രത്യേക സമീപനമാണ് മാനേജ്മെന്റിനെന്ന പരാതിയാണ് നഴ്‌സുമാര്‍ ഉയര്‍ത്തിയിരുന്നത്.
ജീവനക്കാര്‍ക്കു മാന്യമായ വേതനം ആശുപത്രിയില്‍ ലഭ്യമല്ലെന്ന പരാതി ശക്തമാണ്. എല്ലാ ജീവനക്കാരേയും ചേര്‍ത്ത് കൊണ്ടാണ് സി.ഐ.ടി.യുവിന്റെ സമരം. മറ്റുസ്ഥാപനങ്ങളില്‍ ന്യായമായ വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരെ പിന്തുണക്കുന്ന സി.പി.ഐ.എം ജീവനക്കാരോടുള്ള സമീപനത്തില്‍ ഇരട്ടത്താപ്പാണ് പുലര്‍ത്തുന്നതെന്നാണ് ആക്ഷേപം.