ഇടുക്കി: സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സി.ഐ.ടി.യു നേതാവ് ക്വട്ടേഷന്‍ നല്‍കിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍.മൂന്നാര്‍ ഏരിയാ കമ്മിറ്റിക്കുകീഴിലുള്ള ലോക്കല്‍ സെക്രട്ടറിയെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം കൊല്ലാന്‍ അഞ്ചുലക്ഷം രൂപയ്ക്ക് സി.ഐ.ടി.യു. നേതാവ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍.
അഞ്ച് ലക്ഷം രൂപയ്ക്കാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. ചൊക്കനാട് സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ മുതിര്‍ന്ന നേതാക്കളുടെ മുമ്പിലായിരുന്നു സംഭവം വെളിപ്പെടുത്തിയത്.
എന്നാല്‍ യുവാവിന്റെ വെളിപ്പെടുത്തല്‍ വീഡിയോ ആയി പുറത്ത് എത്തുകയായിരുന്നു. സി.ഐ.ടി.യു നേതാവും യുവാവും പിണങ്ങിയതോടെയാണ് സംഭവം ഏരിയാ കമ്മറ്റിയില്‍ എത്തിയത്.
നേരത്തെ യുവാവിനെ ഒരു തട്ടിപ്പുകേസില്‍ മൂന്നാര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പാലക്കാടുനിന്ന് അറസ്റ്റുചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് സി.ഐ.ടി.യു നേതാവ് പറഞ്ഞത് കേള്‍ക്കാതെയായിരുന്നു പൊലീസ് യുവാവിനെ പിടികൂടിയത്. തുടര്‍ന്ന് തന്നെ എസ്.ഐ മര്‍ദിച്ചുവെന്നാരോപിച്ച് പ്രതി ചികിത്സ തേടിയിരുന്നു.
ഇതോടെ എസ്.ഐ അടക്കം മൂന്നുപേരെ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തു. ഈ കേസില്‍ ഒത്തുതീര്‍പ്പായി മൂന്ന് ലക്ഷം രൂപ സി.ഐ.ടി.യു നേതാവിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ യുവാവിന് നല്‍കാന്‍ പൊലീസുകാര്‍ സമ്മതിച്ചിരുന്നു.
ഇതിന്റെ ആദ്യഘട്ടമായി 1.80 ലക്ഷം രൂപ നല്‍കി. ബാക്കി തുകയ്ക്കായി യുവാവ് ഓഗസ്റ്റ് മാസത്തില്‍ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് സി.ഐ.ടി.യു. നേതാവിന്റെ വശം 1.20 ലക്ഷം നല്‍കിയതായി അറിഞ്ഞത്.
തുടര്‍ന്ന് നേതാവിനെ യുവാവ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെയാണ് ഏരിയാ കമ്മിറ്റി ഓഫിസിലെത്തി തന്നെ പറ്റിച്ച വിവരവും ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ തനിക്ക് ക്വട്ടേഷന്‍ നല്‍കിയ വിവരവും വെളിപ്പെടുത്തിയത്.
സംഭവം കേട്ടുനിന്ന പ്രവര്‍ത്തകരിലൊരാള്‍ ഇതിന്റെ വീഡിയോ എടുത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചതോടെയാണ് പുറത്തറിഞ്ഞത്. സംഭവം സംബന്ധിച്ച് ലോക്കല്‍ സെക്രട്ടറി വീഡിയോ ഉള്‍പ്പെടെ സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ, സംസ്ഥാന സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഭൂമി കൈയേറി 20 പ്ലോട്ടുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റ സംഭവം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി കമ്മിറ്റിയില്‍ ചര്‍ച്ച നടത്തുകയും നടപടി ആവശ്യപ്പെട്ട് മേല്‍ കമ്മിറ്റികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വെളിപ്പെടുത്തല്‍.
തുടര്‍ന്ന് പാര്‍ട്ടി ഇടപെട്ട് ഇരുപത് കൈയേറ്റങ്ങളും ഒഴിപ്പിച്ചിരുന്നു. 2012-ല്‍ മാങ്കുളത്തുനടന്ന ഭൂമി തട്ടിപ്പുകേസില്‍ ആരോപണവിധേയനായ നേതാവ് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ഇയാള്‍ പിന്നീട് പാര്‍ട്ടിയിലേക്ക് തിരികെയെത്തുകയായിരുന്നു.
നിരവധി ഗുരുതര ആരോപണങ്ങള്‍ സി.ഐ.ടി.യു നേതാവിനെതിരെ ഉയരുന്നുണ്ട്. 2018-ലെ പ്രളയത്തില്‍ ബാങ്കിന് പിന്നില്‍ ഇടിഞ്ഞുവീണ മണ്ണുനീക്കാന്‍ 30 ലക്ഷം രൂപയ്ക്ക് കരാറെടുത്ത സി.ഐ.ടി.യു നേതാവ്, ഈ മണ്ണ് പഴയ മൂന്നാറിലെ വൈദ്യുതിവകുപ്പിന്റെ ഹൈഡല്‍ പാര്‍ക്കിന്റെ സ്ഥലത്തെത്തിച്ച് നികത്തിക്കൊടുക്കുകയും ഈ വകയില്‍ 30 ലക്ഷം രൂപ വേറെ ഈടാക്കിയെന്നതുള്‍പ്പെടെ ആരോപണങ്ങളാണ് ഉയരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: CITU leader try to killing CPI (M) local secretary; Young with revelation in munnar