കൊച്ചി: 52 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര വാഹനമായ മിനി കൂപ്പര്‍ വാങ്ങിയ സി.ഐ.ടി.യു നേതാവിനെതിരെ നടപടിയെടുക്കാന്‍ സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം. കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്റെ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറിയായ പി.കെ. അനില്‍കുമാറിനെ നേതൃസ്ഥാനത്ത് നിന്ന് നീക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
അനില്‍കുമാര്‍ ആഡംബര വാഹനം വാങ്ങിയതും ഇതിനെ ന്യായീകരിച്ചതും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ന് ചേര്‍ന്ന സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിഷയം ചര്‍ച്ചയായത്. ലളിത ജീവിതം സി.ഐ.ടി.യു നേതാക്കള്‍ക്കും ബാധകമാണെന്നും പാര്‍ട്ടി വിലയിരുത്തി.
തനിക്ക് വേറെയും ആഡംബര വാഹനങ്ങളുണ്ടെന്നും അനില്‍കുമാര്‍ സമ്മതിച്ചിരുന്നു. ഈ ന്യായീകരണവും പ്രചരിച്ച ചിത്രങ്ങളും പാര്‍ട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എ.കെ. ബാലന്‍, ടി.പി. രാമകൃഷ്ണന്‍, പി. രാജീവ് അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലേതാണ് തീരുമാനം. മകന്റെ പിറന്നാളിനോട് അനുബന്ധിച്ച് 52 ലക്ഷം രൂപയോളം ചെലവഴിച്ച് വാങ്ങിയ മിനി കൂപ്പറിന്റെ പേരിലാണ് വിവാദമുണ്ടായത്.
ടോയോട്ട ഇന്നോവ, ഫോര്‍ച്യൂണര്‍ വാഹനങ്ങളും നേരത്തെ അനില്‍ കുമാറിന് സ്വന്തമായുണ്ട്. രണ്ടാഴ്ച മുമ്പ് ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) വൈകാതെ തന്നെ യോഗം ചേര്‍ന്ന് നടപടി ക്രമങ്ങള്‍ പ്രഖ്യാപിക്കും. ഈ യോഗത്തിലാണ് പി.കെ അനില്‍ കുമാറിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുക.