[]തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥയില്‍ നിന്ന് നോക്കുകൂലി ആവശ്യപ്പെട്ട സി.ഐ.ടി.യു പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. സി.ഐ.ടി.യു കേശവദാസപുരം യൂണിറ്റ് കണ്‍വീനര്‍ മുരളിയാണ് അറസ്റ്റിലായത്. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കണ്ണൂരില്‍ നിന്നു കേശവദാസപുരത്തേക്ക് താമസം മാറിയെത്തിയ അനുപമയുടെ വീട്ടുപകരണങ്ങള്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ സ്ഥലത്തെത്തിയ ചുമട്ടുതൊഴിലാളികള്‍ അനുപമയോട് നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം 26നാണ് അനുപമ കേശദാസപുരത്തെ വാടകവീട്ടിലേക്ക് താമസം
മാറിയത്.
വീട്ടുപകരണങ്ങള്‍ വാഹനത്തില്‍ നിന്നും ഇറക്കുന്നത് അവസാനഘട്ടത്തിലെത്തിയപ്പോള്‍ ലോഡിംഗ് തൊഴിലാളികളെത്തി നോക്കുകൂലി ആവശ്യപ്പെട്ടു. വീട്ടുപകരണങ്ങള്‍ മാത്രമായതിനാല്‍ പണം നല്‍കാന്‍ അനുപമ തയ്യാറായില്ല.
തുടര്‍ന്ന് പല ദിവസങ്ങളിലും സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അനുപമയുടെ വീട്ടിലെത്തി നോക്കൂകൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയായാല്‍ പോലും നോക്കുകൂലി വാങ്ങുമെന്നായിരുന്നു ഭീഷണി.
ഇന്നലെ രാവിലെ വീണ്ടും ഭീഷണിയുമായി എത്തിയ തൊഴിലാളികള്‍ സി.ഐ.ടി.യു കണ്‍വീനര്‍ മുരളിയുടെ ഫോണ്‍ നമ്പര്‍ നല്‍കിയ ശേഷം മടങ്ങി. പണം നല്‍കുന്ന കാര്യത്തിലുള്ള തീരുമാനം വൈകുന്നേരത്തിനകം അറിയിക്കാനും അനുപമയോട് പറഞ്ഞു.
ഇതേതുടര്‍ന്നാണ് ഡി.സി.പി അജീതാ ബീഗത്തിന് അനുപമ പരാതി നല്‍കിയത്. സംഭവം ദൗര്‍ഭാഗ്യകരമായി പോയെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തൊഴിലാളി യൂണിയനുകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
.