| Thursday, 12th March 2020, 11:45 am

കൊവിഡ് 19; സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് ചേര്‍ന്ന സി.ഐ.ടി.യു ജില്ലാ കൗണ്‍സില്‍ യോഗം കളക്ടര്‍ ഇടപെട്ട് നിര്‍ത്തിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സി.ഐ.ടി.യു ജില്ലാ കൗണ്‍സില്‍ യോഗം കളക്ടര്‍ ഇടപെട്ട് നിര്‍ത്തിവെച്ചു. ആളുകള്‍ കൂട്ടം ചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന പ്രോട്ടോക്കോള്‍ നിലനില്‍ക്കെയാണ് സി.ഐ.ടി.യു യോഗം വിളിച്ചുചേര്‍ത്തത്.

എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളിലാണ് യോഗം ചേര്‍ന്നത്. 200 ളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് യോഗം ചേര്‍ന്നതെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി ജോസഫ് പറഞ്ഞു.

അതേസമയം പത്തനംതിട്ടയില്‍ കൊവിഡ് 19 ലക്ഷണങ്ങളുമായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. 12 പേരുടെ പരിശോധനാഫലമാണ് അറിയുക.

പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം 15 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ രോഗ ലക്ഷണം പ്രകടിപ്പിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ മാത്രം 25 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ ഏഴുപേര്‍ക്ക് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

969 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. റാന്നിയിലും പന്തളത്തും കൂടുതല്‍ ആശുപത്രികള്‍ ഏറ്റെടുത്ത് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാനുള്ള നടപടികളും ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെയും ജിയോ ടാഗിംഗ് സംവിധാനം വഴി നിരീക്ഷിക്കുന്നുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യുന്നതിനായാണ് ജിയോ ടാഗിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് നിലവില്‍ 3313 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 293 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 1179 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 879 എണ്ണത്തിന്റെ റിസല്‍ട്ട് നെഗറ്റീവ് ആണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോട്ടയത്ത് നിരീക്ഷണത്തിലുള്ള മൂന്ന് പേര്‍ക്കും രോഗമില്ലെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒപ്പം ഇറ്റലിയില്‍ നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ പാരിപ്പള്ളിയിലെ അഞ്ചു പേര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ടയിലും എറണാകുളത്തുമായി ചികിത്സയില്‍ കഴിയുന്ന ബാക്കി 12 പേരുടെയും ആരോഗ്യനിലയില്‍ ആശങ്കയില്ല.

വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന കൊവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more