തിരുവനന്തപുരം: കൊവിഡ് മുന്നണിപ്പോരാളികളെ അപമാനിച്ചെന്നാരോപിച്ച് അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയ്‌ക്കെതിരെ പരാതിയുമായി സി.ഐ.ടി.യു.
തിരുവനന്തപുരത്ത് കൊവിഡ് വാക്സിന്‍ ക്യാരിയര്‍ ബോക്സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്ക് ചാനലില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി പറഞ്ഞു.
തിരുവനന്തപുരം ടി.ബി സെന്ററില്‍ വന്ന വാക്സിന്‍ ക്യാരിയര്‍ ബോക്സ് ഇറക്കാന്‍ അമിതകൂലി ആവശ്യപ്പെട്ടെന്നും അത് കിട്ടാത്തതിനാല്‍ ലോഡ് ഇറക്കാതെ തൊഴിലാളികള്‍ അനിശ്ചിതത്വം സൃഷ്ടിച്ചുവെന്നായിരുന്നു റിപ്പബ്ലിക് ടിവിയില്‍ വന്ന വാര്‍ത്ത.
എന്നാല്‍ അങ്ങനൊരു സംഭവം തന്നെയുണ്ടായിട്ടില്ലെന്നും വാക്സിനേഷന്‍ ആരംഭിച്ച ശേഷമെത്തുന്ന വാക്‌സിന്‍ ലോഡുകള്‍ സൗജന്യമായാണ് തൊഴിലാളികള്‍ ഇറക്കുന്നതെന്നും സി.ഐ.ടി.യു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കൂലിയ്ക്കായി തൊഴിലാളികള്‍ യാതൊരു തര്‍ക്കവും ഉന്നയിച്ചിരുന്നില്ല. ഇറക്കുകൂലി നിശ്ചയിക്കാന്‍ ഉദ്യോഗസ്ഥരെടുത്ത സമയത്തിനിടയ്ക്ക് റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ എത്തി വസ്തുതകളെ വളച്ചൊടിച്ച് അവതരിപ്പിക്കുകയായിരുന്നുവെന്നു പ്രസ്താവനയില്‍ പറയുന്നു.
കൊവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ അപമാനിക്കാനാണ് ചാനല്‍ ശ്രമിക്കുന്നതെന്നും സി.ഐ.ടി.യുവിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കൊവിഡിന്റെ ഒന്നാം വ്യാപന സമയത്ത് അഞ്ച് കോടി രൂപയാണ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തൊഴിലാലികളുടെ അധ്വാനത്തെ അപമാനിക്കുന്ന തരത്തില്‍ ഇത്തരം വാര്‍ത്ത നിര്‍മ്മിച്ചുവിടുന്നത് പ്രതിഷേധാര്‍ഹമാണെന്നും സി.ഐ.ടി.യു പ്രസ്താവനയില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക