തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് ഇന്നലെ നടന്ന സംഭവവികാസങ്ങള്‍ക്ക് പിന്നാലെ കേരളത്തില്‍ ഇന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ സംയുക്ത പ്രതിഷേധം. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ 10 മണി മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ സത്യാഗ്രഹമിരിക്കും.
നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യമെങ്ങും പൗരത്വനിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റേയും നേതൃത്വത്തില്‍ സമരത്തിനിറങ്ങുന്നത്.
പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രംഗത്തുവന്നിരുന്നു. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു.
ഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ യോജിച്ച സ്വരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഭരണപ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് അണിനിരക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒരേ വേദിയില്‍ അണിനിരക്കുന്നത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കും.