| Sunday, 28th November 2021, 9:54 pm

കാര്‍ഷിക നിയമം പോലെ പൗരത്വ നിയമവും പിന്‍വലിക്കണം; എന്‍.ഡി.എ സഖ്യകക്ഷിയോഗത്തില്‍ ആവശ്യമുന്നയിച്ച് എന്‍.പി.പി; ബി.ജെ.പിക്ക് തലവേദന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്നാലെ പൗരത്വ നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യവുമായി എന്‍.ഡി.എ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി.

ന്യൂദല്‍ഹിയില്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത എന്‍.ഡി.എ യോഗത്തിലായിരുന്നു എന്‍.പി.പി എം.പി അഗത സാങ്മ പൗരത്വനിയമം പിന്‍വലിക്കണമെന്ന് ആവശ്യമുന്നയിച്ചത്.

‘കര്‍ഷകരുടെ വികാരം മുന്‍നിര്‍ത്തി കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പ്രശ്നവും ഉള്‍ക്കൊണ്ട് പൗരത്വ നിയമവും പിന്‍വലിക്കുന്ന കാര്യം പരിഗണിക്കണമെന്ന് യോഗത്തില്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു’ എന്നായിരുന്നു യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ സാങ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്‍.ഡി.എ മുന്നണിയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിലും ഉന്നയിച്ച കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നുംമ വടക്കുകിഴക്കന്‍ ജനതയ്ക്കും വേണ്ടിയാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും അവര്‍ പറഞ്ഞു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള ബില്‍ ശീതകാലസമ്മേളനത്തിന്റെ ആദ്യ ദിവസം ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനുമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സഭയില്‍ ബില്‍ അവതരിപ്പിക്കും. ബി.ജെ.പിയും, കോണ്‍ഗ്രസും തങ്ങളുടെ എംപിമാര്‍ക്ക് ഈ ദിവസം ഹാജരാകാന്‍ വിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ നവംബര്‍ 19 നാണ് നരേന്ദ്ര മോദി മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുകയാണ് എന്ന് പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Citizenship law should be repealed as well as agricultural law; NPP demands NDA alliance meeting;

We use cookies to give you the best possible experience. Learn more