ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ ആദ്യം നടപ്പാക്കുക പൗരത്വ നിയമം; ആദ്യ കാബിനറ്റില്‍ തന്നെ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ
West Bengal Election 2021
ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ ആദ്യം നടപ്പാക്കുക പൗരത്വ നിയമം; ആദ്യ കാബിനറ്റില്‍ തന്നെ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st March 2021, 6:53 pm

കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആദ്യം നടപ്പാക്കുക പൗരത്വനിയമമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആദ്യ കാബിനറ്റില്‍ തന്നെ നിയമം നടപ്പിലാക്കാനുള്ള ഉത്തരവിടുമെന്നും ഷാ പറഞ്ഞു. ബംഗാളില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കുന്നതിനിടെയാണ് ഷായുടെ പരാമര്‍ശം.

‘ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ പൗരത്വ നിയമം ബംഗാളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കും. എഴുപത് വര്‍ഷത്തിലധികമായി ബംഗാളില്‍ താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കും. അഭയാര്‍ത്ഥികളായ കുടുംബങ്ങള്‍ക്ക് വര്‍ഷം തോറും 10000 രൂപ ധനസഹായം നല്‍കാനും പദ്ധതി തയ്യാറാക്കും’, അമിത് ഷാ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെയുള്ള വികാരം രാജ്യത്ത് ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബംഗാളില്‍ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞത്. പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പൗരത്വനിയമത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

 

അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

ബി.ജെ.പിയാണ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതെന്നും എല്ലായിടത്തും വെറുപ്പ് പ്രചരിപ്പിക്കാനാണ് അവരുടെ ശ്രമങ്ങളെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഉള്ളിടത്തോളം ബി.ജെ.പിയുടെ ഇത്തരം വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ എന്ത് വിലകൊടുത്തും തടയുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ പൗരത്വ നിയമം റദ്ദാക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പറഞ്ഞിരുന്നു. മാര്‍ച്ച് രണ്ടിന് അസമില്‍ സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം.

അസം ജനത വഞ്ചിക്കപ്പെട്ടുവെന്നും അഞ്ച് വര്‍ഷം മുമ്പ് 25 ലക്ഷം തൊഴില്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയ ബി.ജെ.പി പകരം നല്‍കിയത് സി.എ.എ ആണെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Citizenship Law Immpliment In Bengal If BJP wins