| Monday, 28th October 2019, 8:56 pm

'ഹിന്ദുത്വമല്ല, പൗരത്വമാണ് ഇന്ത്യയുടെ പൊതു സവിശേഷത'; മോഹന്‍ ഭാഗവതിനെതിരേ സാമൂഹ്യപ്രവര്‍ത്തകന്‍ അഗ്നിവേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എല്ലാ ഇന്ത്യക്കാരുടെയും പൊതുവായ ‘ഏക സവിശേഷത പൗരത്വമാണ്, ഹിന്ദുത്വമല്ല’ എന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ അഗ്നിവേശ്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ‘എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്’ എന്ന പ്രസ്താവനക്കെതിരെയാണ് അഗ്നിവേശ് രംഗത്തെത്തിയത്.

ഹിന്ദുത്വ അജണ്ട നടപ്പാക്കുക എന്നു പറയുന്നത് ഇന്ത്യയുടെ ഭരണഘടനയുടെ മുഖത്തേല്‍ക്കുന്ന പ്രഹരമാണ്. ഇന്ത്യയുടെ സാംസ്‌കാരികവും മതപരവുമായ വൈവിധ്യങ്ങളെ തുടച്ചു നീക്കി, ഒരു ദേശം ഒരു ഭാഷ ഒരു സംസ്‌കാരം എന്നിങ്ങനെ ഇന്ത്യയെ ഒരുമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അഗ്നിവേശ് പറഞ്ഞു.

മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ ഒരു വിശുദ്ധ ഗ്രന്ഥവുമായി താരതമ്യം ചെയ്തിരുന്നു. എന്നാല്‍ മോഹന്‍ ഭാഗവതിന്റെ ഭരണഘടനാവിരുദ്ധമായ നടപടിക്കെതിരെ അദ്ദേഹം ഇപ്പോള്‍ മൗനം പാലിച്ചു വരികയാണെന്നും അഗ്നിവേശ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിന്ദുത്വ നേതാവ് വി.ഡി സവര്‍ക്കറിന്റെ ‘ആരാണ് ഹിന്ദു’ എന്ന നിര്‍വചനം ഹിന്ദുയിസത്തിനു തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വൈവിധ്യത്തോടുള്ള ആര്‍.എസ.എസിന്റെ ‘അലര്‍ജി’ അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ ആശയങ്ങള്‍ ഇന്ത്യയുടെ സമഗ്രതയെയും ചലനാത്മകതയെയും തടയിടുമെന്നത് ജനങ്ങള്‍ തിരിച്ചറിണമെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിജയദശമി ദിനത്തിലായിരുന്നു മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവന. ‘ഭാരതത്തിലുള്ളവര്‍, ഭാരതത്തിലെ പൂര്‍വികരുടെ പിന്‍തുടര്‍ച്ചക്കാര്‍, ദേശത്തിന്റെ ആത്യന്തിക മഹത്വത്തിനായി പ്രവര്‍ത്തിക്കുകയും സമാധാനം വളര്‍ത്തുന്നതിലും കൈകോര്‍ക്കുന്നവര്‍, എല്ലാ വൈവിധ്യങ്ങളെയും സ്വാഗതം ചെയ്യുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍, തുടങ്ങി എല്ലാഭാരതീയരും ഹിന്ദുക്കളാണ’ എന്നായിരുന്നു പ്രസംഗത്തില്‍ ഭാഗവത് പറഞ്ഞത്.

We use cookies to give you the best possible experience. Learn more