ജയ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ സ്പീക്കര്‍ സി.പി ജോഷി രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാനാവില്ലെന്നും ഭരണഘടന പ്രകാരം പൗരത്വ നിയമ ഭേദഗതി സംസ്ഥാന വിഷയമല്ലെന്നും സി.പി ജോഷി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിനും പഞ്ചാബിനും പിന്നാലെയായിരുന്നു രാജസ്ഥാന്‍ പ്രമേയം പാസാക്കിയത്. എം.എല്‍.എ വാജിബ് അലി ഉള്‍പ്പെടെ ആറ് എം.എല്‍.എമാരാണ് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട കത്ത് ഇവര്‍ മുഖ്യമന്ത്രിയ്ക്ക് അയക്കുകയായിരുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ അട്ടിമറിക്കുന്നതാണ് നിയമം. ഇതിനെതിരെ പ്രതിഷേധം ഉയരേണ്ടത് അനിവാര്യമാണെന്നും വാജിബ് അലി പറഞ്ഞിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ സ്വരം കേള്‍ക്കാന്‍ തയ്യാറാകണമെന്നും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നു.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളവും പഞ്ചാബും പ്രമേയം പാസാക്കിയിരുന്നു. നിയമത്തിനെതിരെ കേരളം സുപ്രിം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews Video