പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍; ലോക്‌സഭയിലെ വീഴ്ച രാജ്യസഭയില്‍ മറികടക്കാന്‍ പ്രതിപക്ഷം; കണക്കുകളും കണക്കുകൂട്ടലുകളും ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭയിലെ 12 മണിക്കൂര്‍ ചര്‍ച്ചയ്ക്കുപിന്നാലെ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍. ലോക്‌സഭയില്‍ സര്‍ക്കാറിന് എളുപ്പത്തില്‍ പാസാക്കാനായ ബില്‍ രാജ്യസഭയിലും പാസാകുമെന്നാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ രാജ്യ സഭയില്‍ പ്രതിപക്ഷ സഹായം കൂടാതെ ബില്ല് പാസാക്കാന്‍ കഴിയില്ല.

240 അംഗ രാജ്യസഭയില്‍ കുറഞ്ഞത് 121 വോട്ടാണ് ബില്‍ പാസാക്കാന്‍ വേണ്ടത്. 130 വോട്ടോടെ ബില്‍ പാസാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എ.ഐ.എ.ഡി.എം.കെ, ജെ.ഡി.യു, അകാലി ദള്‍ എന്നീ കക്ഷികളുടെ 116ഉം 14സ്വതതന്ത്രരുമാണ് ഈ കണക്കുകൂട്ടലിന്റെ കാതല്‍.

അതേസമയം, യു.പി.എയുടെ 64 അംഗങ്ങളെക്കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, ടി.ആര്‍.എസ്, സി.പി.ഐ.എം, സി.പി.ഐ എന്നിവരടങ്ങുന്ന 46 പേരും ബില്ലിനെ എതിര്‍ത്തേക്കും. ഇതോടെ ബില്ലിനെ എതിര്‍ക്കുന്നവരുടെ എണ്ണം 110 ആവും.

ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ത്തേക്കുമെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷ.

രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടാല്‍ സംയുക്ത പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ജെ.ഡി.യു മുസ്‌ലിം വോട്ട് വാങ്ങി ജയിച്ചു കയറിയ ശേഷം ബി.ജെ.പിയുടെ മുസ്‌ലിം വിരുദ്ധ അജണ്ടയെ പിന്തുണക്കുന്നുവെന്ന് ആരോപണം ഉയരുന്നത് അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. സംഘടനയുടെ ദല്‍ഹി ഓഫീസിനു മുമ്പില്‍ ഇന്നലെ പ്രകടനം നടന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോറും ലോക്‌സഭയില്‍ ബില്ലിനെ ജെ.ഡി.യു പിന്തുണച്ചത് കാപട്യമാണെന്ന വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യസഭയിലെ ജെ.ഡി.യു അംഗങ്ങള്‍ക്കു മേല്‍ കനത്ത സമ്മര്‍ദ്ദം ഉണ്ടെന്നാണ് സൂചന.

എ.ഐ.എ.ഡി.എം.കെ, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്നിവര്‍ പിന്തുണയ്ക്കുമെന്നാണ് എന്‍.ഡി.എയുടെ പ്രതീക്ഷയെങ്കിലും ബി.ജെ.പിക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ ഇവരുടെ തീരുമാനം നിര്‍ണായകമാവും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ