| Thursday, 12th December 2019, 11:53 am

പൗരത്വഭേദഗതി ബില്‍ മുസ്‌ലിങ്ങളെ രണ്ടാം തരം പൗരന്മാരാക്കി മാറ്റാനുള്ള ശ്രമം; വിമര്‍ശനവുമായി യു.എസ് കോണ്‍ഗ്രസ് അംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ന്യൂനപക്ഷ മുസ്ലിംകളെ രണ്ടാംകിട പൗരന്മാരാക്കി മാറ്റാനുള്ള ശ്രമമാണ് ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്‍ എന്ന് യു.എസ് കോണ്‍ഗ്രസ് അംഗം ആന്‍േ്രഡ കാര്‍സണ്‍. വിവാദമായ ഈ ബില്ലിന് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നും അനുമതി ലഭിച്ചിരിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഉതകുന്ന വിവാദ പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ച രാജ്യസഭ പാസാക്കിയിരിക്കുകയാണ്. ഈ നീക്കം ഇന്ത്യയിലെ മുസ്ലിങ്ങളെ രണ്ടാംകിട പൗരന്മാരാക്കാനും അവരുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള മറ്റൊരു ശ്രമമാണ്- ആന്‍ഡ്രേ കാര്‍സണ്‍ പറഞ്ഞു.

ജമ്മു കശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയും കാര്‍സണ്‍ രംഗത്തെത്തി.

ഓഗസ്റ്റ് അഞ്ചിന് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ജമ്മു കശ്മീരിന്റെ പദവിയില്‍ ഏകപക്ഷീയമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് താന്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അവഗണിക്കുന്ന അപകടകരമായ നീക്കമാണ് ഇത്. കശ്മീര്‍ ജനതയുടെ ജനാധിപത്യ ഇച്ഛയെ സര്‍ക്കാര്‍ അവഗണിക്കുകയും ഇന്ത്യന്‍ ഭരണഘടനയുടെ സമ്പന്നമായ പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുകയുമാണ് സര്‍ക്കാര്‍. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുമാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. യാഥാര്‍ത്ഥ്യം അംഗീകരിക്കാനും എല്ലാ ഇന്ത്യന്‍ വിരുദ്ധ പ്രചാരണങ്ങളും അവസാനിപ്പിക്കാനും അന്ന് പാകിസ്ഥാനോട് പറഞ്ഞു. ഇന്ന് പ്രധാനമന്ത്രിയുടെ വിനാശകരമായ മറ്റൊരു നീക്കത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു, നിയമനിര്‍മ്മാതാക്കള്‍ അദ്ദേഹത്തിന്റെ ക്രൂരമായ ഇത്തരമൊരു നിയമത്തിന് അനുമതി നല്‍കിയിരിക്കുന്നു- കാര്‍സണ്‍ പറഞ്ഞു.

പൗരത്വഭേദഗതി ബില്ലിനെതിരെ എതിര്‍പ്പുമായി നേരത്തെ യു.എസ് ഫെഡറല്‍ കമ്മീഷനും രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്‍ ‘തെറ്റായ ദിശയിലേക്കുള്ള അപകടകരമായ വഴിത്തിരി’വാണെന്നായിരുന്നു അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയാല്‍ ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.

മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിന് നിയമപരമായ മാനദണ്ഡം നല്‍കുകയും മുസ്ലീങ്ങളെ ഒഴിവാക്കിക്കൊണ്ട് മറ്റു വിഭാഗത്തിലുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുകയുമാണ് ബില്‍ എന്നായിരുന്നു യു.എസ് ഫെഡറേഷന്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more