'ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് അടിത്തറ പാകിയത് കോണ്‍ഗ്രസല്ല സവര്‍ക്കര്‍'; അമിത് ഷാ ക്ക് മറുപടി നല്‍കി മനീഷ് തിവാരി
Citizenship (Amendment) Bill
'ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് അടിത്തറ പാകിയത് കോണ്‍ഗ്രസല്ല സവര്‍ക്കര്‍'; അമിത് ഷാ ക്ക് മറുപടി നല്‍കി മനീഷ് തിവാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th December 2019, 8:04 am

ന്യൂദല്‍ഹി: ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് അടിത്തറ പാകിയത് കോണ്‍ഗ്രസല്ല സവര്‍ക്കറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.
1935 ല്‍ ഹിന്ദു മഹാസഭയുടെ സെഷനില്‍ സവര്‍ക്കര്‍ ദ്വിരാഷ്ട്ര സിദ്ധാന്തത്തിനായി മുന്‍കൈ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്ലിന്റെ (സി.എ.ബി) ചര്‍ച്ചകള്‍ക്കിടെയാണ് മനീഷ് തിവാരി  ഹിന്ദു മഹാസഭയുടെ സ്ഥാപകനായ സവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. നേരത്തെ ഇന്ത്യയുടെ വിഭജനത്തിന് കോണ്‍ഗ്രസ് ഉത്തരവാദിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” മതാടിസ്ഥാനത്തിലുള്ള വിഭജനത്തിന് കോണ്‍ഗ്രസ് ഉത്തരവാദിയാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. എനിക്ക് ഒരു കാര്യം വ്യക്തമാക്കാനുണ്ട്.

1935 ല്‍ അഹമ്മദാബാദില്‍ വെച്ച് നടന്ന ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ സവര്‍ക്കറാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് അടിത്തറ പാകിയത്. ”  തിവാരിയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

പൗരത്വ ബില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,15, 21, 25, 26 എന്നീ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

”ബില്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്, ഭരണഘടനയുടെ മനോഭാവത്തിനും ബാബാസാഹേബ് അംബേദ്കര്‍ മുന്നോട്ടുവച്ച പ്രത്യയശാസ്ത്രത്തിനും എതിരാണ്,” തിവാരി പറഞ്ഞു. മതേതരത്വം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ലോക്സഭയില്‍ ദേശീയ പൗരത്വ ബില്‍ പാസായത്. 80 ന് എതിരെ 311 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്.

കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലിം ലീഗും ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികളിലെ 82 അംഗങ്ങള്‍ ബില്‍ അവതരണത്തെ എതിര്‍ക്കുകയും ചെയ്തു.

പൗരത്വ ബില്ലിന്റെ പേരില്‍ രാജ്യത്ത് കലാപത്തിന് ശ്രമിക്കുകയാണ്. ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും ബില്ലിന്റെ പേരിലുള്ള കള്ള പ്രചാരണം വിജയിക്കില്ലെന്നും അമിത്ഷാ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് വിചിത്രമായ പാര്‍ട്ടിയാണ്. കേരളത്തില്‍ മുസ്ലീം ലീഗുമായാണ് സഖ്യമെന്നും മഹാരാഷ്ട്രയില്‍ ശിവസേനയുമായാണെന്നും പറഞ്ഞ ഷാ കോണ്‍ഗ്രസ് മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചെന്നും ഷാ പറഞ്ഞിരുന്നു.