പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക് സഭയില്‍; എതിര്‍ക്കാനൊരുങ്ങി പ്രതിപക്ഷം
national news
പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക് സഭയില്‍; എതിര്‍ക്കാനൊരുങ്ങി പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th December 2019, 9:01 am

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.

ആറ് പതിറ്റാണ്ട് പഴക്കമുള്ള പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ ഉച്ചകഴിഞ്ഞ്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സഭയില്‍ അവതരിപ്പിക്കുക.

ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം എന്നിവരും അറിയിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2016ലെ ബില്ലില്‍ മാറ്റംവരുത്തിയാണ് പുതിയ ബില്‍. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം സ്വയംഭരണാധികാരമുള്ള വടക്കുകിഴക്കന്‍ മേഖലകളെയും മറ്റ് സംസ്ഥാനക്കാര്‍ സന്ദര്‍ശിക്കുന്നതിന് പെര്‍മിറ്റ് ആവശ്യമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബില്ലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതി ബില്‍ ഇത്തവണ പാര്‍ലമെന്റില്‍ പാസാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍.238 അംഗങ്ങളുള്ള രാജ്യസഭയില്‍ 122 അംഗങ്ങള്‍ ബില്ലിനെ പിന്തുണക്കും എന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍വചിക്കാനും സാമ്പത്തികപ്രതിസന്ധിയടക്കമുള്ള വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ച് വിടാനുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കമായാണ് ഭേദഗതി ബില്ലിനെ വിലയിരുത്തന്നത്.

പാര്‍ലമെന്റില്‍ വെക്കുന്ന പൗരത്വ ഭേദഗതി ബില്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ക്ക് മേലുള്ള മുഹമ്മദലി ജിന്നയുടെ വിജയമായി അടയാളപ്പെടുത്തപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ നേരത്തെ പറഞ്ഞിരുന്നു.

മതത്തിന്റെ പേരില്‍ പൗരത്വ ബില്ലിന് അംഗീകാരം നല്‍കുന്നത് ‘പാകിസ്ഥാന്റെ ഒരു ഹിന്ദുത്വ പതിപ്പ്’ സൃഷ്ടിക്കാനേ സഹായിക്കൂവെന്നും അദ്ദേഹംപറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മറ്റു സമുദായക്കാര്‍ക്ക് നല്‍കുന്ന പോലെ ഇവര്‍ക്ക് അവരുടെ അടിച്ചമര്‍ത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ അഭയം നല്‍കുന്നില്ലെന്നും ശശി തരൂര്‍ ആരോപിച്ചിരുന്നു.