| Wednesday, 4th December 2019, 1:24 pm

'മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാന്‍ കഴിയില്ല'; പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പൗരത്വ (ഭേദഗതി) ബില്‍ പാസാക്കാനുള്ള ബി.ജെ.പി സര്‍ക്കാര്‍ നടപടിയില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

പൗരത്വ ഭേദഗതി ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുകയാണെന്നും ഇത്തരമൊരു ബില്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമാണെന്നും തരൂര്‍ പറഞ്ഞു. ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത് എനിക്ക് വേണ്ടിയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാന്‍ കഴിയില്ല. ഒരു തരത്തിലും അതിനെ അംഗീകരിക്കാനും കഴിയില്ല- അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്നും എന്നാല്‍ ഇത്തരമൊരു തീരുമാനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാശാസ്ത്രത്തെ കൂടുതല്‍ അസ്വസ്ഥമാക്കുമെന്നുമാണ് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ പ്രതികരിച്ചത്. അസം എന്‍.ആര്‍.സിയെ കൊണ്ട് എന്താണോ സര്‍ക്കാര്‍ ഉദ്ദേശിച്ചത് അത് നടപ്പിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2024 ന് മുന്‍പായി രാജ്യത്തുടനീളം എന്‍.ആര്‍.സി നടപ്പില്‍ വരുത്തുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. അത്തരമൊരു പ്രസ്താവന ബി.ജെ.പിയുടെ വാചകമടി മാത്രമാണെന്നായിരുന്നു മമത പ്രതികരിച്ചത്.

രാജ്യത്തെമ്പാടും പൗരത്വപട്ടിക നടപ്പിലാക്കുമെന്ന അമിത് ഷായുടെ പ്രസ്താവന യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. നിയമപരമായി തന്നെയാണ് ഈ രാജ്യത്ത് എല്ലാവരും താമസിക്കുന്നത്. അതുകൊണ്ട് തന്നെ ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ അവരെ വേര്‍തിരിച്ച് പുറത്താക്കാന്‍ സാധിക്കില്ലെന്നും മമത പറഞ്ഞിരുന്നു.

ദേശീയ പൗരത്വ പട്ടികയക്കെതിരായ വികാരം രാജ്യത്തെമ്പാടും ഉയരുമെന്നതിനാല്‍ ബി.ജെ.പിയുടെ ഒരു മണ്ടത്തരം മാത്രമായി ഇത് മാറും.  എന്‍.ആര്‍.സി ഞങ്ങള്‍ അനുവദിക്കില്ല, പശ്ചിമ ബംഗാളില്‍ ഇത് ഒരിക്കലും സംഭവിക്കില്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് എന്‍.ആര്‍.സി നടപ്പാക്കാന്‍ കഴിയില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്നതെല്ലാം വാചകമടി മാത്രമാണ്. അത് ഒരിക്കലും യാഥാര്‍ത്ഥ്യമാകാന്‍ കഴിയില്ല. എങ്കിലും നാം അവരുടെ കെണിയില്‍ വീഴരുത്. ഈ രാജ്യത്ത് താമസിക്കുന്ന എല്ലാവരും നിയമപരമായ പൗരന്മാരാണ്, ആരുടേയും പൗരത്വം അവര്‍ക്ക് കവര്‍ന്നെടുക്കാന്‍ കഴിയില്ല. – മമത പറഞ്ഞു.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലീം ഇതര അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് പൗരത്വ ഭേദഗതി ബില്‍. ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ എത്തിയേക്കും.

ജമ്മുകശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതുപോലെ തന്നെ പൗരത്വഭേദഗതി ബില്ലും മുന്‍ഗണന അര്‍ഹിക്കുന്നതാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ ബി.ജെ.പി പാര്‍ലമെന്റ് അംഗങ്ങളോട് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിങ്ങനെ ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് പൗരത്വ (ഭേദഗതി) ബില്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണ് ബില്‍.

We use cookies to give you the best possible experience. Learn more