| Saturday, 28th December 2019, 8:55 pm

പ്രിയങ്കാ ഗാന്ധിയെ തടഞ്ഞ് യു.പി പൊലീസ്; പൊലീസ് തന്റെ കഴുത്തിന് പിടിച്ചെന്ന് പ്രിയങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പി പൊലീസിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പൊലീസ് തന്റെ കഴുത്ത് പിടിച്ച് ഞെരിച്ചതായി പ്രയങ്ക ഗാന്ധി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ അറസ്റ്റിലായ റിട്ട.ഐ.പി.എസ് ഉദ്യോഗസ്ഥനായ ദാരാപൂരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയില്‍ ലഖ്നൗ പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ കഴുത്തില്‍ പിടിച്ച് ഞെരിച്ചെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.

‘ഞാന്‍ ദാരപുരിജിയുടെ കുടുംബത്തെ കാണാന്‍ പോകുമ്പോള്‍ യു.പി പൊലീസ് എന്നെ തടഞ്ഞു. അവര്‍ എന്റെ കഴുത്തു ഞെരിച്ചു, കയ്യേറ്റം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകന്റെ ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ അവര്‍ എന്നെ വളഞ്ഞു, അതിനുശേഷം ഞാന്‍ അവിടെയെത്താന്‍ നടന്നു,’ പ്രിയങ്ക ഗാന്ധിയെ ഉദ്ധരിച്ചുഎ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഞാന്‍ എന്ത് പറയണം – അവര്‍ എന്നെ റോഡിന് നടുവില്‍ നിര്‍ത്തി. അവര്‍ക്ക് എന്നെ തടയാന്‍ ഒരു കാരണവുമില്ല. എന്തുകൊണ്ടാണ് അവര്‍ ഇത് ചെയ്തതെന്ന് ദൈവത്തിന് മാത്രമേ അറിയൂ!’ അവര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കലാപം നടത്തിയെന്നാരോപിച്ച് കാന്‍സര്‍ രോഗിയായ ദാരാപുരിയെ ലഖ്നൗവിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ദാരാപൂരിയെ കൂടാതെ സാമൂഹിക പ്രവര്‍ത്തകയും കോണ്‍ഗ്രസ് നേതാവുമായ സദഫ് ജാഫര്‍,റിട്ടഅഭിഭാഷകന്‍ മുഹമ്മദ് ഷൂബ്, നാടക കലാകാരന്‍ ദീപക് കബീര്‍, റോബിന്‍ വര്‍മ്മ, പവന്‍ റാവു അംബേദ്കര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

ദാരപുരി, ഷ്യൂബ്, റോബിന്‍ എന്നിവര്‍ റിഹായ് മഞ്ചിലെ അംഗങ്ങളും പവന്‍ സാമൂഹിക പ്രവര്‍ത്തകനുമാണ്. തുടക്കത്തില്‍ വീട്ടുതടങ്കലിലായിരുന്ന ഷ്യൂബിനെ ജനങ്ങളെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുന്നു എന്നാരോപിച്ച് ഡിസംബര്‍ 19 നാണ് അറസ്റ്റുചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നിരുന്നു. 327 കേസുകളില്‍ 1,113 പേരെ അറസ്റ്റ് ചെയ്തതായും 5,558 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചതായും യു.പി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more