| Saturday, 28th December 2019, 4:07 pm

പൗരത്വഭേദഗതി നിയമം: പൊതുജനം ആശങ്കയിൽ, പേരുവിവരങ്ങൾ തിരുത്താനെത്തുന്നത് നിരവധി പേർ

അന്ന കീർത്തി ജോർജ്

കേന്ദ്ര സർക്കാർ പൗരത്വഭേദഗതി നിയമം പാസാക്കിയതിന് ശേഷം സര്‍ക്കാര്‍ രേഖകളിലെ വ്യക്തിഗത വിവരങ്ങൾ തിരുത്തുന്നതിനായി വില്ലേജ് ഓഫീസുകളിലേക്ക് എത്തുന്നവരുടെ എണ്ണം കേരളത്തിലും വർധിക്കുന്നു. വ്യത്യസ്ത സർക്കാർ രേഖകളിലെ പേരുകളിൽ ഉള്ള വ്യത്യാസം തിരുത്താൻ എത്തുന്നവരാണ് ഭൂരിഭാഗവും. രേഖകളിലെ ചെറിയ തെറ്റുകള്‍ പോലും പൗരത്വം നഷ്ടപ്പെടുന്നതിന് കാരണമായേക്കാമെന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ വലിയ അളവിൽ വ്യാപിച്ചിട്ടുണ്ടെന്നു അധികാരികൾ പറയുന്നു.

തലമുറകളായി ഞങ്ങള്‍ ഇവിടെ തന്നെ ജീവിച്ചുവരികയാണ് എന്ന് തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ തയ്യാറാക്കുന്നതിനുള്ള ശ്രമം ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ രീതിയില്‍ ഉണ്ടാകുന്നുണ്ടെന്ന് കോഴിക്കോട് സിറ്റി വില്ലേജ് ഓഫീസര്‍ ഒ. ഉമാകാന്തന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതാപിതാക്കള്‍ ഇവിടെ താമസിച്ചിരുന്നു എന്ന തെളിയിക്കുന്നതിനുള്ള രേഖകള്‍ തേടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് മിക്കവരും. മാതാപിതാക്കള്‍ പഠിച്ച വിദ്യാലയങ്ങളില്‍ ചെന്ന് രേഖകള്‍ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് മക്കള്‍.

സിറാജ് ദിനപ്പത്രത്തില് 2019 ഡിസംബര് 28ന് പ്രസിദ്ധീകരിച്ചത്

“പൗരത്വഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം രേഖകള്‍ ലഭിക്കുന്നതിന് വേണ്ടി ആളുകള്‍ വരുന്നതില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന വിദ്യാലയത്തിലാണ് തങ്ങളുടെ മാതാപിതാക്കള്‍ പഠിച്ചിരുന്നതെന്നും അവര്‍ അവിടെ പഠിച്ചിരുന്നു എന്ന് തെളിയിക്കുന്ന സ്‌കൂളിലെ രേഖകള്‍ എവിടെ നിന്ന് ലഭിക്കുമെന്ന് അന്വേഷിച്ച് ആളുകള്‍ ഓഫീസില്‍ എത്തിയിരുന്നു. അമ്പത് വയസ്സിലേറെ പ്രായമായവരാണ് തങ്ങളുടെ മാതാപിതാക്കളുടെ രേഖകള്‍ക്കായി എത്തുന്നത്.” ഉമാകാന്തന്‍ പറയുന്നു.

ഇടത്തരം സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും ഈ ഒരു ആവശ്യവുമായി സമീപിക്കുന്നതെന്ന് താന്‍ നിരീക്ഷിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. സാമ്പത്തികമായി ഏറെ ഉയര്‍ന്നവരും താഴേ തട്ടിലുള്ളവരും രേഖകള്‍ ശരിയാക്കുന്നതിനായി അധികം എത്താറില്ലെന്നും ഉമാകാന്തന്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളുടെ പേരില്‍ വന്നിട്ടുള്ള തെറ്റുകളോ ഇനീഷ്യല്‍ സംബന്ധിച്ച പ്രശ്‌നങ്ങളോ തിരുത്തുന്നതിന് വേണ്ടിയും ആളുകള്‍ കൂടുതലായി എത്തുന്നുണ്ടെന്നാണ് ഡൂള്‍ന്യൂസ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.

സര്‍ക്കാര്‍ നല്‍കുന്ന രേഖകളിലെ പേരുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ വില്ലേജ് ഓഫീസിലെത്തി സത്യവാങ്മൂലത്തോടൊപ്പം രേഖകള്‍ സമര്‍പ്പിക്കണം. രണ്ട് രേഖകളിലുമുള്ളത് ഒരാള്‍ തന്നെയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കും. ഇതുണ്ടെങ്കില്‍ മാത്രമേ രേഖകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കൂ.

വിവാഹ ശേഷം ഉണ്ടാക്കിയിട്ടുള്ള രേഖകളില്‍ പേരിനൊപ്പം ഭര്‍ത്താവിന്റെ പേരും അതിനുമുന്‍പുള്ള സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളില്‍ അച്ഛന്റെ പേരുമുള്ള സ്ത്രീകളും ഗസറ്റില്‍ പേര് പ്രസിദ്ധീകരിച്ച് രേഖകള്‍ കൃത്യമാക്കുന്നുണ്ട്. മുന്‍പില്ലാത്ത വിധം ഇക്കാര്യങ്ങള്‍ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പത്രത്തില്‍ പേരുമാറ്റം സംബന്ധിച്ച പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണയേക്കാള്‍ കൂടിയിട്ടുണ്ട്. ഇതില്‍ മിക്കവരും എല്ലാ രേഖകളിലും കൃത്യമായ ഒരു പേര് ആക്കുന്നതിന് വേണ്ടി ‘CHANGE OF NAME’ എന്ന അവശ്യ പരസ്യമാണ് നല്‍കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് സമീപിക്കുന്ന പലരും പുതിയ പൗരത്വ ഭേദഗതിയെ സംബന്ധിച്ച വലിയ ആശങ്കയിലാണെന്ന് നോട്ടറി  അഭിഭാഷകർ പറയുന്നു.

“രേഖകളില്‍ പ്രശ്‌നങ്ങളുള്ള നിരവധിയാളുകള്‍ തിരുത്തുന്നതിന് വേണ്ടി സമീപിക്കുന്നുണ്ട്. പേരിലെ തിരുത്തുകള്‍ക്ക് ആവശ്യമായ സത്യവാങ്മൂലം തയ്യാറാക്കുന്നതിനാണ് മിക്കവാറും ആളുകള്‍ എത്തുന്നത്. പക്ഷെ അത് കൂടാതെ രേഖകളില്‍ തെറ്റൊന്നും ഇല്ലെങ്കില്‍ തന്നെയും എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ എന്ന ഭയത്തില്‍ വിവരങ്ങള്‍ വിളിച്ച് അന്വേഷിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്,” മുജീബ് റഹ്മാന്‍ ആന്‍ഡ് അസോസിയേറ്റ്‌സ് എന്ന നിയമസഹായ സ്ഥാപനത്തിന്റെ ഉടമ അഡ്വ. മുജീബ് റഹ്മാന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

രണ്ട് മാസത്തിനുള്ളില്‍ രേഖകളില്‍ ആശങ്ക പ്രകടപ്പിച്ച് നിരവധി പേര്‍ വരുന്നുണ്ടെന്നും പലപ്പോഴും തിരുത്തലുകള്‍ ആവശ്യമില്ലാത്തതിനാല്‍ മടക്കി അയക്കുകയാണ് ചെയ്യാറുള്ളതെന്ന് വര്‍ഷങ്ങളായി ഈ മേഖലയിലുള്ള അഡ്വ. ബഷീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പൗരത്വഭേദഗതി നിയമമാവുകയും രാജ്യം മുഴുവന്‍ എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പിന്നാലെയാണ് ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളെത്തി രേഖകള്‍ ശരിയാക്കുന്നതിനും മുന്‍തലമുറക്കാര്‍ ഇവിടെ ജീവിച്ചിരുന്നു എന്ന തെളിയിക്കുന്നതിനുമുള്ള രേഖകള്‍ കണ്ടെത്തുന്നതിനുമുള്ള നെട്ടോട്ടം തുടങ്ങിയത്. രാജ്യവ്യാപകമായി പൗരത്വഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും കേന്ദ്രം പിന്മാറാന്‍ തയ്യാറാകാത്തത് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അറുപതുകാരിയായ സുഹറ മക്കളുടെ രേഖകളെല്ലാം ശരിയാക്കുന്നതിന് വേണ്ടി വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറുങ്ങുകയാണിപ്പോള്‍. ‘എന്റെ രണ്ട് ആണ്‍മക്കളും പത്താം ക്ലാസിന് ശേഷം ഗള്‍ഫില്‍ ജോലിക്കായി പോയതാണ്. ഇരുവര്‍ക്കും ആധാറും മറ്റ് ചില രേഖകളുമില്ലായിരുന്നു. പുതിയ നിയമം വന്നതിന് മകന്‍ എന്നെ വിളിച്ച് രേഖകളെല്ലാം എത്രയും വേഗം ശരിയാക്കണമെന്ന് പറയുകയായിരുന്നു. പെട്ടെന്ന് ശരിയാക്കിയില്ലെങ്കില്‍ പ്രശ്‌നമാകുമെന്ന് അവന്‍ ആവര്‍ത്തിച്ച് പറഞ്ഞു.’ കോഴിക്കോട് നല്ലളം കിഴുവനപ്പാടം സ്വദേശിയായ സുഹറ പുതിയ ഭേദഗതിയെയും എന്‍.ആര്‍.സിയും കുറിച്ചുള്ള ആശങ്ക ഡൂള്‍ന്യൂസിനോട് പങ്കുവെച്ചു.

സൗദിയില്‍ ജോലി ചെയ്യുന്ന നിസാര്‍ മുഹമ്മദും സമാനമായ ആശങ്കയിലായിരുന്നു . ‘അവധിക്ക് നാട്ടിലെത്തി തിരിച്ചുപോകാന്‍ നിന്നപ്പോഴായിരുന്നു പുതിയ ഭേദഗതി പ്രാബല്യത്തില്‍ വന്നത്. തുടര്‍ന്ന് പാസ്‌പോര്‍ട്ടില്‍ വയസ്സിലും ചില വിവരങ്ങളിലും ഉണ്ടായിരുന്ന തെറ്റുകള്‍ 10,000 പിഴയടച്ച് തിരുത്തിയ ശേഷമാണ് ഞാന്‍ പോയത്.’ നിസാര്‍ പറഞ്ഞു.

എന്‍.ആര്‍.സി നടപ്പിലാക്കുന്നതില്‍ കൃത്യമായി രൂപരേഖ ഇതുവരെയും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടില്ല. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച എന്‍.ആര്‍.സി സംബന്ധിച്ച ചോദ്യോത്തര പട്ടികയില്‍ എന്‍.ആര്‍.സി നടപ്പിലാക്കുമ്പോള്‍ ജനന തീയതിയും സ്ഥലവും വ്യക്തമാക്കുന്ന രേഖകള്‍ ആവശ്യമായി വരുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ രേഖകള്‍ ഇല്ലെങ്കില്‍ ഇതേ കാര്യങ്ങള്‍ തെളിയിക്കുന്ന മാതാപിതാക്കളുടെ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും. ഇതിന് ആവശ്യമായ രേഖകളില്‍ ഏതെല്ലാം ഉള്‍പ്പെടുമെന്നതിന് ഇതുവരെ തീരുമാനമായിട്ടില്ല.എന്‍.ആര്‍.സി നടപ്പാക്കിയ അസമില്‍ 19 ലക്ഷം പേരാണ് പട്ടികക്ക് പുറത്തായത്.

കേരളത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നും ദേശീയ പൗരത്വ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ജനങ്ങളുടെ ആശങ്കക്ക് കുറവ് വന്നിട്ടില്ലെന്നാണ് രേഖകള്‍ തിരുത്തുന്നതിലെ ഈ പ്രവണത സൂചിപ്പിക്കുന്നത്.

DoolNews Video

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more